കൊല്ലം : കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ ഡോമി ബിയര്‍ലിയെ സംശയത്തിന്റെപേരില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഭര്‍ത്താവ് ബാബു വല്ലരിയാന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി തടവ് അനുഭവിക്കണമെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.വി.ജയകുമാര്‍ വിധിന്യായത്തില്‍ പറഞ്ഞു. ഡോമിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യക്കുശ്രമിച്ച പ്രതിക്ക് ആത്മഹത്യാശ്രമത്തിന് ഒരുലക്ഷംരൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം വെറും തടവും അനുഭവിക്കണം. പിഴത്തുകയായ 11 ലക്ഷം രൂപ ഡോമി ബിയര്‍ലിയുടെ രണ്ടുകുട്ടികള്‍ക്ക് കൈമാറണം.

ഡോമിയെയും പ്രതിയെയും അവസാനമായി തന്റെ വണ്ടിയില്‍ കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവര്‍ ആല്‍ഫ്രഡിന്റെ മൊഴി കോടതി പൂര്‍ണമായും വിശ്വസിച്ചു. തനിക്ക് മാനസികരോഗം ഉണ്ടെന്നും അതിനാല്‍ എന്താണ് നടന്നതെന്ന് അറിയില്ലെന്നുമുള്ള പ്രതിയുടെ വാദവും അജ്ഞാതരായ രണ്ടുപേര്‍ ടെറസ്സിലൂടെ കടന്നുവന്ന് ഡോമിയെ ടെറസ്സില്‍െവച്ച് കൊലപ്പെടുത്തി കുളിമുറിയില്‍ കൊണ്ടിട്ടതാണെന്ന വാദവും കോടതി തള്ളി. പ്രതിക്ക് മാനസികരോഗമില്ലെന്നും സാധാരണ മനുഷ്യന്റെ പെരുമാറ്റമാണുള്ളതെന്നും തെളിയിക്കാന്‍ കോടതി 10 സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി.

2016 ഓഗസ്റ്റ് 18-നായിരുന്നു തിരുമുല്ലവാരം കല്ലുമ്പുറം കെനി ഡെയ്ലില്‍ (ടി.ആര്‍.എ. 112 ബി) ഡോമി ബിയര്‍ലി കൊല്ലപ്പെട്ടത്. രാത്രി 1.30-ന് ജോലി കഴിഞ്ഞെത്തിയ ഡോമി ബിയര്‍ലിയെ ബസ് സ്റ്റേഷനില്‍നിന്ന് ബാബു വല്ലരിയാന്‍ കോയിവിളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉറങ്ങിക്കിടക്കവേ കത്തികൊണ്ട് കഴുത്തില്‍ കുത്തി. ഉണര്‍ന്ന ഡോമി പ്രാണരക്ഷാര്‍ഥം കുളിമുറിയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ പ്രതി വീണ്ടും കഴുത്തില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ഗുളികകഴിച്ച് ആത്മഹത്യക്കു ശ്രമിച്ച പ്രതിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിന് ആറുമാസംമുന്‍പ് ഭര്‍ത്താവ് ഡോമിയുടെ കൈയും കാലും അടിച്ചൊടിച്ചിരുന്നു. ഈ സംഭവത്തില്‍ ചവറ തെക്കുംഭാഗം പോലീസിന് നല്‍കിയ കേസ് പിന്‍വലിക്കാത്തതും വിരോധത്തിനിടയാക്കിയതായി പോലീസ് പറഞ്ഞു. സാഹചര്യത്തെളിവുകളെ ആശ്രയിച്ച പ്രോസിക്യൂഷന്‍ 30 സാക്ഷികളെയും 33 രേഖകളും 44 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി ആര്‍.രവീന്ദ്രന്‍, അഭിഷേക് പിള്ള, ശ്രീജന്‍, ആര്‍.എസ്.നിത്യ, കെ.ആര്‍.അമ്മു, അഖില്‍ മറ്റത്ത് എന്നിവര്‍ ഹാജരായി. നിലവില്‍ ചാത്തന്നൂര്‍ എ.സി.പി.യായ ബി.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

വിധി കേള്‍ക്കാന്‍ ഡോമി ബിയര്‍ലിയുടെ അമ്മ സ്റ്റെല്ല, അച്ഛന്‍ ജെയിംസ്, സഹോദരി ഡാലിയ എന്നിവരും അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിലെത്തിയിരുന്നു.