കൊല്ലം : കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ ഡോമി ബിയര്‍ലിയെ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ബാബു വല്ലരിയാന്‍ കൊലപ്പെടുത്തിയ കേസില്‍ വിധി തിങ്കളാഴ്ച. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.വി.ജയകുമാറാണ് വിധി പറയുന്നത്.

2016 ഓഗസ്റ്റ് 18-നായിരുന്നു ഡോമി ബിയര്‍ലിയുടെ കൊലപാതകം. രാത്രി 1.30-ന് ജോലി കഴിഞ്ഞെത്തിയ ഡോമി ബിയര്‍ലിയെ ബസ് സ്റ്റേഷനില്‍നിന്ന് ബാബു വല്ലരിയാന്‍ കോയിവിളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉറങ്ങിക്കിടക്കവേ കത്തികൊണ്ട് കഴുത്തു ലക്ഷ്യമാക്കി കുത്തി. ഉണര്‍ന്ന ഡോമി പ്രാണരക്ഷാര്‍ഥം കുളിമുറിയിലേക്ക് ഓടിക്കയറുകയും പിന്നാലെയെത്തിയ പ്രതി കഴുത്തിന് മാരകമായി കുത്തുകയുമായിരുന്നു. തുടര്‍ന്ന് ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പോലീസ് ആശുപത്രിയിലെത്തിച്ചു.

സംഭവത്തിന് ആറുമാസംമുന്‍പ് പ്രതി ഡോമിയുടെ കൈയും കാലും അടിച്ചൊടിച്ചിരുന്നു. ഈ സംഭവത്തില്‍ തെക്കുംഭാഗം പോലീസിന് നല്‍കിയ കേസ് പിന്‍വലിക്കാത്തതും വിരോധത്തിനിടയാക്കിയതായി പോലീസ് പറഞ്ഞു.

സാഹചര്യത്തെളിവുകളെ ആശ്രയിച്ച പ്രോസിക്യൂഷന്‍ 30 സാക്ഷികളെയും 33 രേഖകളും 44 തൊണ്ടിമുതലുകളും ഹാജരാക്കി.