പുത്തൂർ(കൊല്ലം): ഭക്ഷണം നൽകാൻ വൈകിയതിന്റെ പേരിൽ മാവടി സുശീലാഭവനിൽ സുശീല(58) ഭർത്താവ് സോമദാസന്റെ അടിയേറ്റ് തലപൊട്ടി വീട്ടുമുറ്റത്തുകിടന്നത് അരമണിക്കൂറിലധികം.

സംഭവത്തിനുശേഷം ഇയാൾ നടന്ന് കുളക്കട ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപമെത്തി അവിടെ കട നടത്തിയിരുന്ന ആളുടെ കൈയിൽനിന്നു ഫോണെടുത്ത് 100-ൽ വിളിച്ചാണ് വിവരം പോലീസിനെ അറിയിക്കുന്നത്. ആരുടെയും ശ്രദ്ധയിൽപ്പെടാത്തതിനാൽ ഇത്രയുംനേരം സുശീല വീട്ടുമുറ്റത്തുതന്നെ കിടക്കുകയായിരുന്നു.

വിവരം അറിഞ്ഞപ്പോൾത്തന്നെ പോലീസ് പാഞ്ഞെത്തി. അപ്പോഴും സുശീലയ്ക്ക് ജീവനുണ്ടായിരുന്നു. ഉടൻതന്നെ പോലീസ് ജീപ്പിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെനിന്നു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവസരോചിതമായ ഇടപെടലായിരുന്നു പുത്തൂർ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സോമദാസനും സുശീലയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. അയൽപക്കക്കാരുമായൊന്നും സഹകരണവുമുണ്ടായിരുന്നില്ല.

വഴക്ക് പതിവായതിനാൽ ആരും ഇതിൽ ഇടപെടാറുമില്ല. കഴിഞ്ഞദിവസവും അങ്ങനെതന്നെയായിരിക്കുമെന്നാണ് കരുതിയത്. പോലീസ് വന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം അറിയുന്നതെന്ന് നാട്ടുകാർ പറയുന്നു.

സോമദാസനെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറിന്റെ മേൽനോട്ടത്തിൽ ശൂരനാട് സി.ഐ. ശ്യാംകുമാറിനാണ് അന്വേഷണച്ചുമതല. പുത്തൂർ എസ്.ഐ. പി.കെ.കവിരാജൻ, എസ്.ഐ. സോമനാഥൻ നായർ, എ.എസ്.ഐ.മാരായ വിജയരാജൻ, ആർ.രാജീവ്, സജീവ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതും സുശീലയെ ആശുപത്രിയിലെത്തിച്ചതും.

Content Highlights:kollam puthoor murder husband killed wife