കൊല്ലം : മകളുടെ ഫോണില്‍ അശ്ലീലസന്ദേശമയച്ച ആള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്ന മാതാവ് ഒടുവില്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്കൊരുങ്ങി. പോലീസെത്തി പിടിച്ചുമാറ്റി നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊല്ലം പോലീസ് കമ്മിഷണര്‍ ഓഫീസിനടുത്തായിരുന്നു സംഭവം. കുഴഞ്ഞുവീണ മാതാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിനുശേഷം വീട്ടിലേക്ക് വിട്ടു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബിരുദവിദ്യാര്‍ഥിയായ മകളും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ അനുജത്തിയും മൊബൈലില്‍ പഠിക്കുമ്പോഴായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ അശ്ലീല മെസേജ് വന്നത്. ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തപ്പോള്‍ ആതിര, ദേവിക തുടങ്ങിയ വിവിധ അക്കൗണ്ടുകളില്‍നിന്ന് തുടര്‍ച്ചായി മെസേജുകള്‍ വന്നുകൊണ്ടിരുന്നു. ഫെബ്രുവരി 27-ന് ഇവ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം സൈബര്‍ സെല്ലിനടക്കം പരാതിയായി നല്‍കി. വനിതാ കമ്മിഷന്‍, മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവര്‍ക്കും പരാതി മെയില്‍ ചെയ്തിരുന്നു. എല്ലായിടത്തുനിന്നും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുപറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് മാതാവ് പറയുന്നു. 

ജൂണ്‍ ആറിന് വീണ്ടും മെയില്‍ ചെയ്തതിനെ തുടര്‍ന്ന് ജൂണ്‍ 12-നാണ് എഫ്.ഐ.ആര്‍. ഇടുന്നത്. 17-ന് മൊഴിയും എടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനുള്ള നടപടിയുണ്ടാകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ''വെള്ളിയാഴ്ച കമ്മിഷണറെ കാണാന്‍ ചെന്നപ്പോള്‍ തിങ്കളാഴ്ച വരാനാണ് എന്നോട് പറഞ്ഞത്. മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. അവര്‍ക്കീ സംഭവം അറിയാം. മകള്‍ നിരപരാധിയാണെന്നു തെളിയിക്കേണ്ടത് എന്റെ ആവശ്യമാണ്. അതിന്റെ മാനസികസമ്മര്‍ദത്തിലാണ് ഞാന്‍. പത്തുവര്‍ഷംമുന്‍പ് ഭര്‍ത്താവ് മരിച്ചതാണ്. പിന്നെ സഹോദരങ്ങളുടെയും ബാപ്പയുടെയുമൊക്കെ സഹായവും തുന്നല്‍പ്പണിയുമെടുത്താണ് ഇവരെ വളര്‍ത്തുന്നത്. ഞാനാണെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തില്‍ ചികിത്സയിലുമാണ്. ഇവരെയുംകൊണ്ട് സ്റ്റേഷന്‍ കയറിയിറങ്ങി ആകെ മടുത്തു. ഞാന്‍ മരിച്ചാലെങ്കിലും ഇവര്‍ക്ക് നീതി കിട്ടട്ടെ എന്നോലോചിച്ചാണ് ട്രാക്കില്‍ കയറിനിന്നത്. അവിടെനിന്നു പിടിച്ചുകൊണ്ടുവന്ന പോലീസ് കമ്മിഷണറെ കാണാന്‍ അനുവദിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് വീണ്ടും ശക്തികുളങ്ങര സ്റ്റേഷനില്‍ ചെന്നിരുന്നു. നടപടിയെടുക്കുമെന്നാണ് അവര്‍ പറയുന്നത്,'' മാതാവ് പറഞ്ഞു.

പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് ശക്തികുളങ്ങര പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ വഴി കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ?അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)