കൊല്ലം: കുളത്തുപ്പുഴയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആഴ്ചകൾക്ക് മുമ്പ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞദിവസമാണ് പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മുത്തച്ഛനോടൊപ്പമാണ് പെൺകുട്ടി ഇവിടെ താമസിച്ചിരുന്നത്. പെൺകുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോംനഴ്സാണ്. രാവിലെ എട്ടുമണിയോടെ മുത്തച്ഛൻ പുറത്തുപോയി. പിന്നീട് ഇദ്ദേഹം വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് പെൺകുട്ടിയെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവദിവസം രാവിലെ പെൺകുട്ടിയെ വീടിന് മുന്നിൽ കണ്ടിരുന്നതായി സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരത്തുള്ള അമ്മ പെൺകുട്ടിയെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ബിസിയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഈ ഫോണും നഷ്ടമായിട്ടുണ്ട്.

പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഫോണിനായി കിണർ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, വീട്ടിൽനിന്ന് പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കുറിപ്പിൽ ചില വ്യക്തികളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരെ ഉടൻതന്നെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. പെൺകുട്ടിയുടെ ഫോൺകോൾ വിവരങ്ങൾ സൈബർ സെല്ലും ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങൾ കിട്ടിയാൽ ദുരൂഹത നീങ്ങുമെന്നാണ് പോലീസ് സംഘത്തിന്റെ പ്രതീക്ഷ.

Content Highlights:kollam kulathuppuzha girl death police found she was raped before death