ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ സിം കാര്‍ഡ് പരിശോധിച്ച് വിശദമായ അന്വേഷണത്തിന് പോലീസ്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെയും വൈദ്യമേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെയും ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലമാക്കി. ചാത്തന്നൂര്‍ എ.സി.പി. വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.

രേഷ്മ ഉപയോഗിച്ച സിം കാര്‍ഡിന്റെ ഉടമയും ബന്ധുവുമായ ആര്യയെ ഫെയ്സ്ബുക്ക് സംബന്ധിച്ച് വിവരങ്ങള്‍ ചോദിക്കാന്‍ പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍, ആര്യയും ബന്ധുവായ ഗ്രീഷ്മയും ആത്മഹത്യ ചെയ്തതോടെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണമായി. രേഷ്മയുടെ പാസ്‌വേഡ് ഇരുവര്‍ക്കും അറിയാമായിരുന്നു. ഈ പാസ്‌വേഡ് ഉപയോഗിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കയറി ഇരുവരും കമന്റുകള്‍ ഇടുകയും ചിലര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നതായും ഇത്തരത്തില്‍ സന്ദേശം ലഭിച്ചയാളുടെ ഭാര്യയും രേഷ്മയുമായി വാക്കേറ്റമുണ്ടായതായും പോലീസ് പറയുന്നു.

ഗ്രീഷ്മ(21)യുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. വിദേശത്തായിരുന്ന അച്ഛന്‍ രാധാകൃഷ്ണന്‍ ഞായറാഴ്ച രാത്രി നാട്ടിലെത്തി.

പാസ്വേഡ് കൈമാറിയില്ലെങ്കിലും ഫെയ്സ്ബുക്കിലെ വിവരങ്ങള്‍ അറിയാം

പാസ്വേഡ് കൈമാറിയില്ലെങ്കിലും രേഷ്മയുടെ സിം കാര്‍ഡിലുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് പ്രയാസമുണ്ടാവില്ല. ഇതുവഴി രേഷ്മ ഇടപെട്ടിട്ടുള്ളവരുടെ വിവരം ശേഖരിക്കാന്‍ പോലീസിനു കഴിയും.

എന്നാല്‍, രേഷ്മ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കാലതാമസമെടുക്കും. ഡിലീറ്റ് ചെയ്ത് 14 ദിവസം കഴിഞ്ഞാല്‍ ഫെയ്സ്ബുക്കിന്റെ നിയമം അനുസരിച്ച് പൂര്‍ണമായും അക്കൗണ്ട് ഒഴിവാക്കപ്പെടും. ഫെയ്സ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തേണ്ടതായി വരും.

ഇതിനായി ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട് ഐ.പി.നമ്പരുകള്‍ ശേഖരിക്കേണ്ടതായിട്ടുണ്ട്. ഐ.പി. അഡ്രസ് ഉപയോഗിച്ചിരിക്കുന്നത് ഇന്റര്‍നെറ്റ് കഫേകളില്‍ കൂടിയാണെങ്കില്‍ അതുവഴിയും അന്വേഷണം ആവശ്യമായി വരും.

Content Highlights: kollam kalluvathukkal new born baby death and reshma case