കൊല്ലം: ഇളവൂരിലെ ഏഴുവയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുന്നതിന്റെ 18-20 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ അഴുകി തുടങ്ങിയിരുന്നതായും കുട്ടിയുടെ വയറ്റില്‍ വെള്ളവും ചെളിയും കലര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പോലീസിന് കൈമാറി. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടിയാണ് പുറത്തുവരാനുള്ളത്.

ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് കേരളമൊട്ടാകെ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലുകളും അന്വേഷണങ്ങളും നടന്നു. സിനിമാ താരങ്ങളടക്കം സാമൂഹികമാധ്യമങ്ങളില്‍ ഓരോനിമിഷവും കുട്ടിയെ കണ്ടെത്താനായുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു. ഇതിനോടൊപ്പം സമീപത്തെ പുഴയിലും വ്യാപകമായ തിരച്ചില്‍ നടന്നിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇത്തിക്കരയാറ്റില്‍നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. 

ദേവനന്ദയുടേത് മുങ്ങിമരണം തന്നെയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ശരീരത്തില്‍ ചതവുകളോ ഒടിവുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. പുഴ കടന്ന് മകള്‍ ഇതുവരെ പോയിട്ടില്ലെന്നും തന്നോട് പറയാതെ അവള്‍ ഒറ്റയ്ക്ക് എങ്ങോട്ടും പോകില്ലെന്നുമായിരുന്നു അമ്മയായ ധന്യയുടെ പ്രതികരണം. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നും അവര്‍ പറഞ്ഞിരുന്നു. ദേവനന്ദയുടെ മുത്തച്ഛനും ഇതുതന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

 

Content Highlights: kollam devananda death; postmortem report released