കൊല്ലം:''വിവാഹം കഴിഞ്ഞ് ഒരുമാസമായതുമുതല്‍ അവര്‍ അവളെ ശല്യംചെയ്യാന്‍ തുടങ്ങിയതാണ്. കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും എന്റെ മകളെ അവര്‍...'' ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത പണ്ടാഴ തെക്കതില്‍ അനുജയുടെ അമ്മ രാജേശ്വരിയുടെ വാക്കുകളാണിത്.

വെല്‍ഡിങ് ജോലിക്കാരനാണ്  അനുജയുടെ ഭര്‍ത്താവ് സതീഷ്. രാവിലെ ജോലിക്കുപോയാല്‍ അനുജയും സതീഷിന്റെ അമ്മ സുനിജയും മാത്രമാകും വീട്ടിലുണ്ടാകുക. അനുജ ഭര്‍ത്താവിന്റെ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

ഞായറാഴ്ചകളില്‍ സതീഷും അനുജയും പണ്ടാഴയിലെ വീട്ടിലെത്തും. അവിടെ മണിക്കൂറുകള്‍ ചെലവഴിച്ചശേഷമാണ് മടങ്ങുക. മടങ്ങി വീട്ടിലെത്തുമ്പോള്‍മുതല്‍ സുനിജ ബഹളം തുടങ്ങും. മൂന്നുമാസംമുന്‍പ് അനുജയ്ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ഭക്ഷണം നല്‍കാന്‍പോലും സുനിജ തയ്യാറായില്ലെന്നും രാജേശ്വരി പറയുന്നു.

സതീഷിന്റെ സഹോദരന് വീടു വാങ്ങാനായി അനുജയ്ക്ക് സ്ത്രീധനമായി നല്‍കിയ ഇരുപത് പവന്റെ സ്വര്‍ണം വിറ്റ പണമടക്കം പത്തുലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീട് കന്നിമേല്‍ച്ചേരിയിലെ വീട് അനുജയുടെ പേരില്‍ എഴുതിനല്‍കി. സുനിജയ്ക്ക് താമസാവകാശവും നല്‍കി. തന്റെ സ്വത്തുക്കള്‍ അനുജ തട്ടിയെടുത്തതായി ആരോപിച്ച് സുനിജ മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി അനുജയുടെ അച്ഛന്‍ അനില്‍കുമാര്‍ പറയുന്നു. സതീഷിന് അനുജയോട് സ്‌നേഹമായിരുന്നെന്നും സുനിജയില്‍നിന്നുമാത്രമാണ് മോശം പെരുമാറ്റം ഉണ്ടായിരുന്നതെന്നും ഡ്രൈവറായ അനില്‍കുമാര്‍ പറഞ്ഞു.

ഭര്‍ത്തൃമാതാവിന്റെ മോശം പെരുമാറ്റത്തെപ്പറ്റി അനുജ നിരന്തരം പരാതിപ്പെട്ടിരുന്നതായി ബിരുദവിദ്യാര്‍ഥിയായ അനുജയുടെ സഹോദരിയും പറഞ്ഞു.

കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ബി.കോം വിദ്യാര്‍ഥിയായിരുന്ന അനുജയും സതീഷും പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇവര്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏഴുമാസം തികയുന്ന ദിവസമായിരുന്നു അനുജയുടെ മരണം.

ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; ഭര്‍ത്തൃമാതാവിനെതിരേ കേസ്

കൊല്ലം: ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യക്കു ശ്രമിച്ച ഇരുപത്തിരണ്ടുകാരി മരിച്ചു. ഭര്‍ത്തൃമാതാവിന്റെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

പടിഞ്ഞാറേ കൊല്ലം കന്നിമേല്‍ച്ചേരി പുളിഞ്ചിക്കല്‍വീട്ടില്‍ സതീഷിന്റെ ഭാര്യ അനുജയാണ് ജൂണ്‍ 30-നു രാത്രി ആത്മഹത്യക്കു ശ്രമിച്ചത്. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് അനുജ മുറിയില്‍ക്കയറി വാതിലടച്ചു. ഇടയ്ക്ക് തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ അനുജ വാതിലടച്ചു കിടക്കാറുള്ളതിനാല്‍ സതീഷ് ഇത് കാര്യമാക്കിയില്ല. ഇടയ്ക്ക് മയങ്ങിപ്പോയ ഇയാള്‍ രാത്രി പന്ത്രണ്ടുമണിയോടെ വാതിലില്‍ത്തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ജനല്‍പ്പാളി വഴി നോക്കുമ്പോള്‍ അനുജ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.

ഉടന്‍തന്നെ വാതില്‍ ചവിട്ടിപ്പൊളിച്ച് അനുജയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മരണം. മൃതദേഹം വൈകീട്ട് അഞ്ചുമണിയോടെ അനുജയുടെ വീടായ ശക്തികുളങ്ങര പണ്ടാഴയിലെ പണ്ടാഴതെക്കതില്‍ എത്തിച്ചു. പിന്നീട് മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

സതീഷും അനുജയും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. ഭര്‍ത്തൃമാതാവ് അനുജയോട് മോശമായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കള്‍ പറയുന്നു. അനുജയുടെ അച്ഛന്‍ അനില്‍കുമാറിന്റെ പരാതിപ്രകാരം സതീഷിന്റെ അമ്മ സുനിജയ്ക്കെതിരേ ശക്തികുളങ്ങര പോലീസ് ഗാര്‍ഹികപീഡനത്തിന് കേസെടുത്തിരുന്നു.

രാജേശ്വരിയാണ് അനുജയുടെ അമ്മ. സഹോദരി: അഖില. അനുജയുടെ മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് കമ്മിഷണര്‍ എ.പ്രദീപ്കുമാര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: kollam anuja death her family allegations against mother in law