കൊട്ടാരക്കര: ഉത്ര കൊലപാതകക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു കണ്ടെത്താന്‍ പ്രധാന പ്രതി സൂരജ്, അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഒന്നിച്ചിരുത്തി പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് ഇരുവരെയും കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത്. ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചതിലും കൊലപാതകത്തിലും കുടുംബാംഗങ്ങള്‍ക്കു പങ്കുണ്ടോ എന്നതായിരുന്നു പ്രധാന അന്വേഷണം. ആറു മണിക്കൂറോളംനീണ്ട ചോദ്യംചെയ്യലിനൊടുവില്‍ രേണുകയെയും സൂര്യയെയും പോലീസ് വിട്ടയച്ചു. ആവശ്യപ്പെട്ടാല്‍ വീണ്ടും എത്തണമെന്ന നിര്‍ദേശവും നല്‍കി.

താന്‍ ഒറ്റയ്ക്കാണ് സ്വര്‍ണം കുഴിച്ചിട്ടതെന്നും എവിടെയാണു കുഴിച്ചിട്ടതെന്ന് രേണുകയ്ക്ക് കാട്ടിക്കൊടുത്തിരുന്നെന്നുമാണ് സുരേന്ദ്രന്റെ മൊഴി. മാര്‍ച്ച് രണ്ടിനാണ് അടൂരിലെ ലോക്കറില്‍നിന്നു സൂരജ് സ്വര്‍ണമെടുത്തത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പിടിയിലാകുന്ന ദിവസമാണ് സൂരജ് സൂക്ഷിക്കാനായി സുരേന്ദ്രനെ ഏല്‍പ്പിച്ചത്. അന്നു പകല്‍ രണ്ടിടത്തായി കുഴിച്ചിട്ടെന്നാണ് സുരേന്ദ്രന്റെ മൊഴി. റൂറല്‍ എസ്.പി. ഹരിശങ്കറും ഡിവൈ.എസ്.പി. അശോകനും ഉള്‍പ്പെടെയുള്ളവര്‍ സുരേന്ദ്രനെ ചോദ്യംചെയ്തു. വരുംദിവസങ്ങളിലും ചോദ്യംചെയ്യല്‍ തുടരും.

സ്വര്‍ണത്തിന്റെ ബാക്കി എവിടെ?

വിവാഹത്തിന് നൂറുപവനിലധികം സ്വര്‍ണമാണ് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത്. കുഞ്ഞിന്റെ പിറന്നാളിന് വേറെയും സ്വര്‍ണം നല്‍കി. ഇതില്‍ 38 പവന്‍ മാത്രമാണ് പറക്കോടുള്ള വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തത്. ബാക്കി സ്വര്‍ണം ലോക്കറില്‍ ഉണ്ടെന്നാണ് സൂരജിന്റെ മറുപടിയെങ്കിലും കുറച്ചുസ്വര്‍ണം മാത്രമേ ലോക്കറിലുണ്ടാകൂ എന്നാണ് പോലീസിന്റെ നിഗമനം.

സ്വര്‍ണം വിറ്റിരുന്നോ എന്നു പോലീസ് സംശയിക്കുന്നു. വീട്ടില്‍ത്തന്നെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അച്ഛനു കൈമാറിയതെന്നുമാണ് സൂരജ് പോലീസിനു നല്‍കിയ മൊഴി. സൂരജ് അറസ്റ്റിലായശേഷം സ്വര്‍ണം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.

Content Highlights: kollam anchal uthra snake bite murder case; renuka and surya interrogation