കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായുള്ള പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടരുന്നു. ഉത്രയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട പാമ്പിനെയാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുന്നത്. പാമ്പിന്റെ പോസ്റ്റുമോര്‍ട്ടത്തിലൂടെ സാക്ഷികളില്ലാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. 

ചൊവ്വാഴ്ച രാവിലെയോടെയാണ് പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ ആരംഭിച്ചത്. വെറ്ററിനറി സര്‍ജന്‍, ഫൊറന്‍സിക് സര്‍ജന്‍, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍. വീട്ടുവളപ്പില്‍ ഉത്രയെ സംസ്‌കരിച്ച സ്ഥലത്തിന് സമീപത്തായി തന്നെയാണ് പാമ്പിനെയും തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നത്. 

പോസ്റ്റുമോര്‍ട്ടത്തിലൂടെ മൂര്‍ഖന്‍ പാമ്പിന്റെ വിഷം, പല്ലുകള്‍ തമ്മിലുള്ള അകലം തുടങ്ങിയവ കണ്ടെത്താനാകും. ഈ പല്ലുകളുടെ പാടുകള്‍ തന്നെയാണോ ഉത്രയുടെ ശരീരത്തിലുള്ളതെന്നും വ്യക്തമാകും. ഉത്രയെ കടിച്ചത് ഇതേ പാമ്പ് തന്നെയാണെന്ന് ഉറപ്പിക്കാന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനയും നടത്തും. 

പോലീസിന് ഏറെ വെല്ലുവിളിയായ കേസ് സാഹചര്യ തെളിവുകളിലൂടെ മാത്രം തെളിയിക്കാനാകില്ലെന്ന് റൂറല്‍ എസ്പി നേരത്തെ പറഞ്ഞിരുന്നു. അതിനാലാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധമായ പാമ്പിനെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. 

Content Highlights: kollam anchal uthra snake bite murder case; dna test for snake