അടൂര്‍: ഉത്ര വധക്കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജ് അഭിഭാഷകരെ സന്ദര്‍ശിച്ചതായി സൂചന. അറസ്റ്റിലാകുന്നതിന് തലേ ദിവസം പറക്കോട്ടെ അഭിഭാഷകന്റെ വീട്ടിലെത്തി ദീര്‍ഘനേരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പോലീസിനെതിരെ സൂരജ് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ കൃത്രിമമായി ചമച്ചതാണെന്നും ഉപദ്രവിച്ചെന്നുമായിരുന്നു തെളിവെടുപ്പിനിടെ സൂരജിന്റെ ആരോപണം. ഇതെല്ലാം അഭിഭാഷകന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. 

അതിനിടെ, സൂരജിന്റെ ജാമ്യത്തിനായുള്ള നീക്കങ്ങളും കുടുംബം തുടരുകയാണ്. മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യതയെന്നതിനാല്‍ ഹൈക്കോടതി വഴി ജാമ്യം നേടാനാണ് ശ്രമം. 

ഉത്ര വധക്കേസില്‍ നാല് ദിവസത്തേക്കാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞദിവസം അടൂര്‍ പറക്കോട്ടെ വീട്ടിലും ഏനാത്തും പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനാല്‍ നടന്നില്ല. ബാങ്കിന്റെ ആസ്ഥാനത്ത് നിന്ന് നിയമപ്രകാരമുള്ള അനുമതി ലഭിച്ചാല്‍ മാത്രമേ ഇവിടെ തെളിവെടുപ്പ് നടത്താനാകൂ. ഇതിനായുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്. 

Content Highlights: kollam anchal uthra snake bite murder case;before arrest, sooraj visited lawyers in adoor