ചാത്തന്നൂര്‍(കൊല്ലം): അച്ഛന്‍ നിരപരാധിയാണ്, പാമ്പുപിടിത്തം അച്ഛന് ഹോബിയായിരുന്നു. എസ്.കെ.എന്ന പേരിലുള്ള അച്ഛന്റെ യൂ ട്യൂബ് വീഡിയോ കണ്ട് സൂരജ് വിളിച്ച് പരിചയപ്പെട്ടതാണ്. അത് ഇത്തരമൊരു ആപത്തിനാകുമെന്ന് കരുതിയില്ല. ഉത്രയുടെ മരണമറിഞ്ഞപ്പോഴേ സംശയം തോന്നിയിരുന്നെന്നും പോലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞെന്നും മകന്‍ സുനില്‍ മാതൃഭൂമിയോടു പറഞ്ഞു.

യൂട്യൂബിലൂടെയാണ് സൂരജ് കല്ലുവാതുക്കല്‍ ചാവരുകാവ് എസ്.കെ.ഭവനില്‍ സുരേഷ് കുമാറിനെ ബന്ധപ്പെട്ടതെന്ന് സുനില്‍ പറഞ്ഞു. പാമ്പിനെക്കുറിച്ച് കൂടുതലറിയാന്‍ നേരിട്ടു കാണണമെന്നു പറഞ്ഞ് ഒരു ദിവസം സൂരജ് ചാത്തന്നൂരില്‍ എത്തി സുരേഷിനെ കണ്ടിരുന്നു. അന്ന് താന്‍ ബാങ്കില്‍ ജോലി ചെയ്യുകയാണെന്നും തന്റെ നാട്ടില്‍ പാമ്പുശല്യമാണെന്നും ഒരു ദിവസം അവിടെയെത്തി ക്ലാസെടുക്കണമെന്നും സൂരജ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ജനുവരി അവസാനം കിട്ടിയ ഒരു അണലിയുമായി സുരേഷും കൊല്ലത്തുള്ള രണ്ട് കൂട്ടുകാരും സുരേഷിന്റെ വാഹനത്തിന്റെ ഡ്രൈവറുമായാണ് സൂരജിന്റെ വീട്ടില്‍ ആദ്യമായി പോയത്. പക്ഷേ, അവിടെ എത്തിച്ച അണലിയെ പിന്നീട് തിരികെ കിട്ടിയില്ല.

രണ്ടു മാസം കഴിഞ്ഞ് വീണ്ടും വിളിച്ചു. ഇത്തവണ തന്റെ കൃഷിസ്ഥലത്ത് എലി ശല്യം കൂടുതലാണെന്നും മൂര്‍ഖന്‍ വേണമെന്നുമായിരുന്നു ആവശ്യം. അങ്ങനെ അച്ഛന്‍ മൂര്‍ഖനെ കൊണ്ടുപോയി, പാമ്പിനെ പരിശീലിപ്പിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചു. ഇതിനു പാരിതോഷികമായി ഒരു കവര്‍ അച്ഛന്റെ കൈയില്‍ കൊടുത്തു. പാമ്പിനെ പറമ്പില്‍ തുറന്നുവിടാനായി കൊടുത്തശേഷം അച്ഛന്‍ വീട്ടിലേക്ക് പോന്നു.

ഇതിനു പുറകെ സൂരജ് പാമ്പിനെ പിടിച്ച് വീണ്ടും അടച്ചിട്ട് കൊണ്ടുപോയാണ് ഉത്രയെ കൊല്ലുന്നതെന്നു കരുതണം. പത്രത്തില്‍ വാര്‍ത്ത വന്നപ്പോള്‍ പോലീസില്‍ പറയാന്‍ പറഞ്ഞപ്പോള്‍ എല്ലാം തലയിലാകുമെന്നു പറഞ്ഞ് ഒഴിയുകയായിരുന്നെന്ന് സുനില്‍ പറഞ്ഞു.

ശീതീകരിച്ച മുറിയുടെ ജനാലയിലൂടെ പാമ്പ് അകത്തുകയറിയെന്ന സൂരജിന്റെ വാദം പൊളിഞ്ഞത് പാമ്പുപിടിത്തക്കാരന്റെ മൊഴിയോടെയാണ്. സുരേഷ് കൊല്ലത്തെ ഒരു സ്‌കൂള്‍ വാഹനവും ഓടിച്ചിരുന്നു. 2017-ലാണ് പാമ്പുപിടിത്തവുമായി മുന്നോട്ടുവന്നത്. പിന്നീടൊരു ഹോബിയായി. എസ്.കെ.എന്ന പേരില്‍ യൂട്യൂബില്‍ ചാനലും തുടങ്ങി. സുരേഷ് നാഗചൈതന്യം എന്ന പേരില്‍ ഫെയ്സ്ബുക്കിലും സജീവമായിരുന്നു. കുറച്ചുനാളുകളായി ചാത്തന്നൂര്‍, പരവൂര്‍, പാരിപ്പള്ളി മേഖലയില്‍ പാമ്പ്, അണലി തുടങ്ങിയ ഇഴജന്തുക്കളെ കണ്ടാല്‍ സുരേഷാണ് രക്ഷകനായി എത്തുന്നത്.

കുറച്ചുനാള്‍ മുന്‍പ് ഇത്തിക്കര ആറിനു സമീപം ആരോ കടത്തിക്കൊണ്ടുവന്ന ഇരുതലമൂരി കവര്‍ പൊട്ടി താഴെ വീണപ്പോള്‍ പിടികൂടി ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് സുരേഷാണ്. ഒഴുകുപാറ ഭാഗത്തുനിന്ന് ഈയിടെ അണലിയെയും കുഞ്ഞുങ്ങളെയും പിടിച്ചിരുന്നു. പോളച്ചിറയില്‍നിന്ന് മൂര്‍ഖന്‍ പാമ്പിനെയും പിടികൂടി.

Content Highlights: kollam anchal uthra snake bite murder case; accused suresh's son says about father