കൊല്ലം: ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഏപ്രില്‍ 24 മുതല്‍ മെയ് ആറ് വരെയാണ് മൂര്‍ഖന്‍ പാമ്പിനെ സൂരജ് കുപ്പിയില്‍ അടച്ച് സൂക്ഷിച്ചത്. കൃത്യം നടത്തിയ ദിവസം പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്കിട്ടപ്പോള്‍ പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജിന്റെ മൊഴിയില്‍ പറയുന്നു. 

മെയ് ആറിന് അര്‍ധരാത്രി 12 മണിക്കും 12.30 നും ഇടയിലാണ് കൃത്യം നടത്തിയതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നേരത്തെ അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചത് അര്‍ധരാത്രി 12.45 നാണെന്നും പ്രതി സമ്മതിച്ചു. അതേസമയം, സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും കഴിഞ്ഞദിവസം ആറ് മണിക്കൂര്‍ ചോദ്യംചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഇവരെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്‌തേക്കും. 

സൂരജ് ഉത്രയെ കൊലപ്പെടുത്തുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് രേണുകയും സൂര്യയും അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ സൂരജ് പലതവണ പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചു. സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച സ്ഥലം ഭര്‍ത്താവ് കാണിച്ചുതന്നിരുന്നതായി രേണുകയും വെളിപ്പെടുത്തി. സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന് സഹോദരിയും സമ്മതിച്ചു. 

അതേസമയം, സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരെ ബുധനാഴ്ച വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ച അടൂരിലെ ബാങ്കില്‍ എത്തിച്ചാകും പ്രധാനമായും തെളിവെടുക്കുക. 

തലകുനിച്ച് സൂരജിന്റെ അച്ഛന്‍

അടൂര്‍: ''എന്റെ മകന്‍ നിരപരാധിയാണ്. തല്ലിപ്പറയിപ്പിച്ചതാണ് അവനെക്കൊണ്ട്'' -ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരേ ഈ നിലപാടിലായിരുന്നു തിങ്കളാഴ്ച ഉച്ചവരെയും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ കെ. പണിക്കര്‍. എന്നാല്‍, തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലില്‍, എല്ലാം തന്റെ അച്ഛന് അറിയാമായിരുന്നുവെന്ന് സൂരജ് വെളിപ്പെടുത്തി. കേസില്‍ നിര്‍ണായക വഴിത്തിരിവിലേക്കെത്തുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇതോടെ, സുരേന്ദ്രനിലേക്കും അന്വേഷണമെത്തി.

തിങ്കളാഴ്ച സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലെത്തിയ അന്വേഷണസംഘം മടങ്ങുമ്പോള്‍ സുരേന്ദ്രനെയും ഒപ്പംകൂട്ടി. ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ മറനീക്കി. സുരേന്ദ്രനുമായി രാത്രി പറക്കോട്ടേക്കു മടങ്ങിയെത്തിയ പോലീസ് വീടിന്റെ പരിസരത്ത് തിരച്ചില്‍ നടത്തി. കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനായിരുന്നു ഇത്.

വഴിതെറ്റിക്കാനും ശ്രമം

സ്വര്‍ണം കുഴിച്ചിട്ട സ്ഥലത്തെക്കുറിച്ച് സുരേന്ദ്രന്‍ ആദ്യം നല്‍കിയ വിവരം തെറ്റായിരുന്നു. ഭാര്യ രേണുകയാണ് യഥാര്‍ഥസ്ഥലം പിന്നീട് കാട്ടിക്കൊടുത്തത്. വീടിനടുത്ത് കുളത്തിനു സമീപത്തെ നീര്‍ച്ചാലിനരികിലുള്ള കാട് വകഞ്ഞുമാറ്റി ചെറിയരീതിയില്‍ മണ്ണ് നീക്കംചെയ്താണ് ഒരു പൊതി ആഭരണം െവച്ചിരുന്നത്. മറ്റൊന്ന് വീടിനോടുചേര്‍ന്ന ശൗചാലയത്തിനുസമീപം റബ്ബര്‍ത്തോട്ടത്തിലെ നീര്‍ച്ചാലിനരികിലായിരുന്നു. രണ്ട് പൊതിയിലായി 38 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. മൂന്നുമണിക്കൂറാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനും നടപടിക്രമങ്ങള്‍ക്കുമായി പോലീസ് ചെലവഴിച്ചത്. കുഴിച്ചിട്ട സ്വര്‍ണം കണ്ടെടുത്തതോടെ സുരേന്ദ്രന്റെ പ്രതിരോധവുമയഞ്ഞു. ഒന്നും മിണ്ടാതെ തലകുനിച്ച് പോലീസ്വാഹനത്തിലേക്ക് കയറി.

സൂരജ് ആദ്യം പറഞ്ഞത് നുണ; ഉത്ര കണ്ടത് അണലിയെ

ഉത്രയെ കൊലപ്പെടുത്താന്‍ ദിവസങ്ങള്‍ക്കു മുന്പുതന്നെ സൂരജ് പറക്കോട്ടുള്ള വീട്ടില്‍ അണലിയെ കൊണ്ടുവന്നിരുന്നുവെന്ന സംശയത്തിലാണ് പോലീസ്. സൂരജിന്റെ വീട്ടില്‍ മാര്‍ച്ച് രണ്ടിനാണ് ആദ്യമായി ഉത്രയ്ക്ക് പാമ്പുകടിയേല്‍ക്കുന്നത്. ഇതിനും രണ്ടുദിവസംമുന്പ് ഇതേ അണലിയെ ഉപയോഗിച്ച് ഉത്രയെ സൂരജ് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

അന്ന് വീടിന്റെ മുകള്‍നിലയിലേക്കുള്ള പടിക്കെട്ടിന്റെ മധ്യഭാഗത്തായി ഉത്ര പാമ്പിനെ കണ്ടിരുന്നു. ഉത്ര നിലവിളിച്ചപ്പോള്‍ സൂരജ് ഒന്നുമറിയാത്ത ഭാവത്തിലെത്തി പാമ്പിനെ അനായാസം എടുത്ത് മുകളിലത്തെ നിലയിലേക്കു പോയി. ഇതിനെ ചാക്കിലാക്കി വീടിനു പിന്നിലേക്ക് എറിഞ്ഞുകളഞ്ഞെന്ന സൂരജിന്റെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഇത് ചേരയായിരുന്നെന്നാണ് സൂരജ് ആദ്യം മൊഴി നല്‍കിയത്.

ചോദ്യംചെയ്യലിനിടെയാണ് അണലിയായിരുന്നെന്നു സമ്മതിച്ചത്. മാര്‍ച്ച് രണ്ടിനു പുലര്‍ച്ചെ 1.30-ന് ഉത്രയെ കടിച്ചതും അണലിയാണ്. ആദ്യം കണ്ടതും ഉത്രയെ പിന്നീട് കടിച്ചതും ഒരേ പാമ്പാണെന്നാണ് പോലീസ് നിഗമനം.

പാമ്പിനെ മുന്‍കൂട്ടി എത്തിച്ചത്

രാത്രിയില്‍ വീടിനുള്ളില്‍ ചേര കയറില്ലെന്ന് വാവാ സുരേഷ്. തന്നെയുമല്ല, ഉത്രയെ ആദ്യമായി കടിച്ച പാമ്പ് ഒരിക്കലും പടികയറി മുകളിലെത്തില്ല. ഇതിനെ ആരോ എത്തിച്ചതാണ്. സൂരജിന് പാമ്പിനെ കൈകാര്യംചെയ്യാനുള്ള വൈദഗ്ധ്യം ആരോ നല്‍കിയിട്ടുണ്ട്. യൂട്യൂബ് നോക്കി പഠിച്ചതാകാനുള്ള സാധ്യത കുറവാണെന്നും വാവാ സുരേഷ് പറയുന്നു.

Content Highlights: kollam anchal uthra snake bite murder case