കൊല്ലം: അഞ്ചലിനടുത്ത് പഴയേരൂർ തോട്ടംമുക്കിൽ അമ്മയും സഹോദരനും ചേർന്ന് രണ്ടരവർഷംമുൻപ് കൊന്നുകുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പള്ളിമേലതിൽ ഷാജി പീറ്ററിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങളാണ് ബുധനാഴ്ച വീടിനടുത്തുനിന്ന് കണ്ടെത്തിയത്.

ഷാജിയുടെ സഹോദരൻ സജിനും അമ്മ പൊന്നമ്മയും ഏരൂർ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. രാവിലെ ഇവരെ തോട്ടംമുക്കിലെ പള്ളിമേലതിൽ വീട്ടിലെത്തിച്ചു. കിണറിനുതാഴെയാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് സജിൻ പോലീസിനെ അറിയിച്ചു. ഇവിടം കിണർ കുഴിച്ചപ്പോൾ എടുത്ത മണ്ണിട്ട് നിരപ്പാക്കിയിരുന്നു. രണ്ടടിയോളം മണ്ണ് മാറ്റിയപ്പോൾ ഈഭാഗം കോൺക്രീറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. കോൺക്രീറ്റ് മാറ്റിയശേഷം വീണ്ടും ആഴത്തിൽ കുഴിച്ചപ്പോഴാണ് എല്ലിന്റെ അവശിഷ്ടങ്ങളും ചെരിപ്പും കണ്ടത്. പിന്നീട് ചാക്കിൽക്കെട്ടിയനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായും കണ്ടെടുത്തു. പൊന്നമ്മയെയും സജിനെയും പുനലൂർ കോടതി റിമാൻഡ് ചെയ്തു. എ.എസ്.പി. ഇ.എസ്.ബിജുമോൻ, പുനലൂർ ഡിവൈ.എസ്.പി. സന്തോഷ് എം.എസ്., ഏരൂർ സി.ഐ. എസ്.ശ്രീജിത്ത്, തഹസിൽദാർ ടി.വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്.

ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ വിശദപരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.