കൊല്‍ക്കത്ത:  56-കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ 22-കാരിയായ മകള്‍ അറസ്റ്റില്‍. കൊല്‍ക്കത്ത ക്രിസ്റ്റഫര്‍ റോഡ് സ്വദേശി ബിശ്വനാഥിനെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പിയാലി ഓഡിയെ പോലീസ് പിടികൂടിയത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും ശാരീരികവും മാനസികവുമായ ഉപദ്രവം കാരണമാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയതെന്നും പോലീസ് പറഞ്ഞു. 

ഞായറാഴ്ച രാത്രിയാണ് പിയാലി പിതാവിനെ ചന്ദപാല്‍ഘട്ടില്‍വെച്ച് തീകൊളുത്തി കൊന്നത്. അന്നേദിവസം വൈകിട്ട് ഒരു സുഹൃത്തിനെ കാണാനുണ്ടെന്നും അവിടെ മദ്യവും ഭക്ഷണവും ലഭിക്കുമെന്നും പറഞ്ഞാണ് യുവതി പിതാവിനെ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നഗരത്തിലെ റെസ്‌റ്റോറന്റിലെത്തി ഇരുവരും ഭക്ഷണം കഴിച്ചു. ശേഷം പിതാവിനെ ചന്ദപാല്‍ഘട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യം വാങ്ങിച്ചുനല്‍കി. അമിതമായി മദ്യപിച്ചതോടെ ബിശ്വനാഥ് മയങ്ങിവീണു. ഇതിനുപിന്നാലെയാണ് കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയത്. 

പ്രദേശത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ട് വഴിയാത്രക്കാര്‍ വിവരമറിയിച്ചതോടെയാണ് പോലീസ് സംഭവമറിഞ്ഞത്. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊല്ലപ്പെട്ടയാളെയും ഒപ്പമുണ്ടായിരുന്ന മകളെയും പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ വീട്ടിലെത്തി യുവതിയെ ചോദ്യംചെയ്‌തെങ്കിലും ഇവര്‍ പരസ്പരവിരുദ്ധമായാണ് മൊഴി നല്‍കിയത്. ഒടുവില്‍ ഇരുവരും ഒരുമിച്ചുള്ള സിസിടിവി ദൃശ്യങ്ങളും മറ്റുതെളിവുകളും കാണിച്ചതോടെ യുവതി കുറ്റംസമ്മതിക്കുകയായിരുന്നു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചതോടെ പിതാവില്‍നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവം നേരിടേണ്ടിവന്നെന്നാണ് യുവതിയുടെ മൊഴി. വിവാഹം കഴിഞ്ഞതോടെ ഇതില്‍നിന്ന് മോചനമുണ്ടായി. എന്നാല്‍ ഒന്നരവര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പിരിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതോടെ പിതാവ് വീണ്ടും ഉപദ്രവം തുടങ്ങിയെന്നും ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയുടെ മൊഴി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 

Content Highlights: kolkata murder daughter killed father