കോലഞ്ചേരി: പാങ്കോടിൽ വയോധികയെ ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ചെമ്പറക്കി വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (50), രണ്ടാം പ്രതി ഇരുപ്പച്ചിറ ആശാരിമലയയിൽ വീട്ടിൽ മനോജ് (43), മനോജിന്റെ അമ്മ മൂന്നാം പ്രതി ഓമന (66) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്.
രണ്ടാം പ്രതി മനോജാണ് 75-കാരിയെ ക്രൂരമായി മർദിച്ചതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല. കൃത്യത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. പരിക്കേറ്റ വയോധികയുടെ പരിചയക്കാരി കൂടിയായ ഓമന മനഃപൂർവം കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിന് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഓമനയുടെ രഹസ്യ ഇടപാടുകാരിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിട്ടുള്ളതായും ഓമന പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നിർദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് പ്രതികളെ പോലീസ് വീഡിയോ കോൺഫറൻസിലൂടെ കോലഞ്ചേരി മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി പുത്തൻകുരിശ് പോലീസിന് വിട്ടു നൽകി.
ഞായറാഴ്ചയാണ് വയോധികയ്ക്കു നേരെ ആക്രമണമുണ്ടായത്.
Content Highlights:kolanchery rape case accused omana has connection with political leaders