കൊച്ചി: കോലഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ്. പീഡനത്തിനിരയായ 75-കാരിയുടെ സമീപവാസിയായ സ്ത്രീയടക്കം മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഞായറാഴ്ചയാണ് 75-കാരി ക്രൂര പീഡനത്തിനിരയായത്. സമീപവാസിയായ സ്ത്രീ ചായയും പുകയിലയും വാഗ്ദാനം ചെയ്ത് വയോധികയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പ്രതികൾ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വയോധിക നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
വയോധികയുടെ ശരീരത്തിൽ മാരകമായി മുറിവേൽപ്പിച്ചിട്ടുണ്ട്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. വൻകുടലിനും പരിക്കുണ്ട്.
സമീപവാസിയായ സ്ത്രീയും ഒരു ഡ്രൈവറും മറ്റൊരാളുമാണ് കേസിൽ പിടിയിലായിരിക്കുന്നത്. വയോധികയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത് സ്ത്രീയാണ്.
Content Highlights:kolanchery rape case accused have links with sex racket