കോലഞ്ചേരി: വയോധികയെ പീഡിപ്പിച്ച കേസിലെ മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പു നടത്തി. ഒന്നാം പ്രതി പെരുമ്പാവൂർ ചെമ്പറക്കി വാഴപ്പിള്ളി വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി (50), രണ്ടാം പ്രതി ഇരുപ്പച്ചിറ ആശാരിമലയിൽ മനോജ് (43), മനോജിന്റെ അമ്മ ഓമന (66) എന്നിവരെ ബുധനാഴ്ച വൈകീട്ട് പാങ്കോട്ടിൽ ഓമനയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
പ്രതികൾ മൊഴി നൽകിയ 12 തെളിവുകളാണ് പോലീസ് ശേഖരിച്ചത്. ഉപദ്രവിക്കാനുപയോഗിച്ച അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി, മുറിയിലെ കട്ടിൽ, ബെഡ്ഷീറ്റ്, രക്തം തുടയ്ക്കാൻ ഉപയോഗിച്ച തുണികൾ, പൊള്ളലേൽപ്പിക്കാനുപയോഗിച്ച മെഴുകുതിരി, മദ്യക്കുപ്പി എന്നിവയാണ് രണ്ടും മൂന്നും പ്രതികളുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തത്.
അന്വേഷണച്ചുമതലയുള്ള മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ വെള്ളിയാഴ്ച തിരികെ കോടതിയിൽ ഹാജരാക്കും.
ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെ പെരുമ്പാവൂർ വാഴക്കുളത്ത് എത്തിച്ച് തെളിവെടുത്തു. പ്രതി ഓടിച്ചിരുന്ന ട്രക്ക് പാർക്ക് ചെയ്തിരിക്കുന്ന വെയ് ബ്രിഡ്ജിൽ എത്തിയാണ് തെളിവെടുത്തത്.
സംഭവത്തിനു ശേഷം പ്രതി ഇതേ വാഹനത്തിലാണ് നാട്ടിലേക്ക് പോയത്. കേസിൽ സാക്ഷിമൊഴികൾ ഇല്ലാത്തതിനാൽ സാഹചര്യ തെളിവുകൾക്കാണ് പ്രാധാന്യം.
Content Highlights:kolancherry old woman rape case police investigation