താമരശ്ശേരി: ബെംഗളൂരുവില്‍ വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ടടിച്ച് കേരളത്തിലുള്‍പ്പെടെ വിതരണംചെയ്ത സംഭവത്തില്‍ നോട്ടു കൈവശം വെച്ച കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണര്‍ പ്രസീദാഹൗസില്‍ അശ്വന്‍(26), പുതിയങ്ങാടി എടക്കാട് പുനത്തില്‍താഴം സനല്‍(31), വെള്ളയില്‍ ബീച്ച് പട്ടാളം വീട്ടില്‍ മുഹമ്മദ് അസ്ലം(24) എന്നിവരെയാണ് കൊടുവള്ളി എസ്.ഐ. പ്രജീഷ് അറസ്റ്റുചെയ്തത്.

 എളേറ്റില്‍ വട്ടോളി പെട്രോള്‍പമ്പില്‍ കള്ളപ്പണം നല്‍കുമ്പോള്‍ പോലീസ് പിടിയിലായ പൂനൂര്‍ പെരിങ്ങളംവയല്‍ സ്വദേശി പറയരുകണ്ടി സാബുവാണ്(46) ഇവര്‍ക്ക് കള്ളപ്പണം നല്‍കിയതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന താമരശ്ശേരി സി.ഐ. പി.സി.സജീവന്‍ പറഞ്ഞു. ഇവര്‍ക്ക് പണം കൈമാറിയതായി സാബു പോലീസിന് മൊഴിനല്‍കിയിരുന്നു. ഇതുപ്രകാരം പോലീസ് മൂന്നുപേരെയും കൊടുവള്ളി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സാബു നല്‍കിയ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടും ഇവര്‍ ഹാജരാക്കി.

 ചില സിനിമകളുടെ സെറ്റിടുന്നതില്‍ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ് സാബു. സിനിമയില്‍ ചാന്‍സ് വാങ്ങിനല്‍കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് സാബു കള്ളപ്പണം വിതരണം ചെയ്യാന്‍ നല്‍കിയതെന്ന് അശ്വിനും സനലും മുഹമ്മദ് അസ്ലമും പോലീസിനോട് പറഞ്ഞു. ഇവര്‍ ഇത് എവിടെയും വിതരണം ചെയ്തിട്ടില്ലെന്നാണ് സൂചനയെന്ന് പോലീസ് അറിയിച്ചു. മൂന്നുപേരെയും താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാബു പിടിയിലായത്. ഇയാളുടെ കൈയിലുള്ള കള്ളപ്പണത്തിന്റെ ഉറവിടം തേടിയാണ്‌ െബംഗളൂരുവിലെ ഹൊസൂരിനടുത്ത് ചന്താപുര രാംസാഗരയില്‍ പ്രവര്‍ത്തിക്കുന്ന കള്ളനോട്ടടികേന്ദ്രത്തിലെത്തിയത്. ഇത് നടത്തിവന്ന പൂഞ്ഞാര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ്(46), കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ മുക്കൂട്ടില്‍ ഷിഹാബ്(34), പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ വിപിന്‍(22)എന്നിവരെ അറസ്റ്റുചെയ്തു. 

31.40 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും സാധനസാമഗ്രികളും പിടിച്ചെടുത്തിരുന്നു.  താമരശ്ശേരി ഡിവൈ.എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. പ്രജീഷ്, ജൂനിയര്‍ എസ്.ഐ. ജിതേഷ്, എ.എസ്.ഐ.മാരായ രാജീവ് ബാബു, ജ്യോതി, സത്യന്‍, എസ്.സി.പി.ഒ. ഹരിദാസന്‍, ഷിബില്‍ ജോസഫ്, സി.പി.ഒ. അബ്ദുല്‍റഹീം എന്നിവര്‍ ചേര്‍ന്നാണ് ബെംഗളൂരുവിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.