കോഴിക്കോട്: കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരന്‍ അറസ്റ്റില്‍. നിലമ്പൂര്‍ മുതുകാട് രാമന്‍കുത്ത് ചോലക്കാപറമ്പില്‍ സി.പി. അബ്ദുള്ളക്കുട്ടിയെ (45) ആണ് കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി നിലമ്പൂര്‍ കാട്ടിലെ ആളൊഴിഞ്ഞ വീട്ടില്‍നിന്നാണ് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

മൂന്നുവര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. 2017-ലാണ് കോടിഷ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒട്ടേറെ ശാഖകള്‍ തുടങ്ങുകയും ചെയ്തു. ജീവനക്കാരില്‍നിന്ന് ബോണ്ട് തുകയായി അഞ്ചുലക്ഷം രൂപവീതം വാങ്ങുകയുംചെയ്തു. തുടര്‍ന്ന്, ജീവനക്കാരുെട പരിചയത്തിലുള്ളവരുടെ പണവും ഇവിടെ നിക്ഷേപിപ്പിച്ചു. ഇത്തരത്തില്‍ ഒരു ജീവനക്കാരന്റെ പരിചയത്തില്‍ 90 ലക്ഷത്തോളം രൂപ കമ്പനിയില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പണം നിക്ഷേപിച്ചവര്‍ക്ക് തിരികെ കിട്ടാതായപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.

അബ്ദുള്ളക്കുട്ടി വര്‍ഷങ്ങള്‍ക്കുമുന്പ് സൂര്യ ചിറ്റ്സ്, ചോലക്കാപറമ്പ് ചിറ്റ്‌സ് എന്നീ കമ്പനികളുടെ പേരിലും തട്ടിപ്പുനടത്തിയിരുന്നു. ഇയാളെക്കൂടാതെ ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥര്‍ പറഞ്ഞു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇക്കണോമിക് ഒഫെന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എസ്.ഐ. പി. പവിത്രന്‍, എസ്.സി.പി.ഒ. കെ. ഹരീഷ്, സി.പി.ഒ. ദീപക്ക്, കോടിഷ് നിധി തട്ടിപ്പ് അന്വേഷിക്കാനായി രൂപവത്കരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ.മാരായ സി. ഷൈലേന്ദ്രന്‍, എന്‍. മുസ്തഫ, പി.കെ. വിനോദ്, മുഹമ്മദ് ഹാരിസ്, മനോജ്, എസ്.സി.പി.ഒ. കെ.പി. മനോജ് കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒളിവില്‍ക്കഴിഞ്ഞത് രൂപംമാറി

വര്‍ഷങ്ങളോളം വിവിധസ്ഥലങ്ങളില്‍ രൂപംമാറിയാണ് അബ്ദുള്ളക്കുട്ടി ജീവിച്ചിരുന്നത്. താടിയും മുടിയും നീട്ടിയും ശരീരം വളരെ മെലിഞ്ഞ രീതിയിലുമായിരുന്നു പിടികൂടുമ്പോള്‍ ഇയാള്‍. കമ്പനിയിലെ ജീവനക്കാര്‍ക്കും അബ്ദുള്ളക്കുട്ടിയെ കണ്ടപ്പോള്‍ മനസ്സിലായില്ല. അതിസമര്‍ഥമായാണ് ഇയാള്‍ പണം തട്ടിയതെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights : Kodish Nidhi Limited Fraud; Main accused in the scam has been arrested