കോയമ്പത്തൂര്‍: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കൊലപാതക കവര്‍ച്ചാ കേസില്‍ അവസാനപ്രതിയും തമിഴ്‌നാട് പോലീസിന്റെ പിടിയിലായി. ജിജിന്‍ എന്ന കുട്ടിയെയാണ് തൃശ്ശൂരില്‍വെച്ച് കോത്തഗിരി പോലീസ് പിടികൂടിയത്. സംഭവംനടന്ന് 35 ദിവസങ്ങള്‍ക്കുശേഷമാണ് ജിജിനെ പിടികൂടുന്നത്. കവര്‍ച്ചാസംഭവത്തില്‍ ഉള്‍പ്പെട്ട 11 പ്രതികളില്‍ എട്ടുപേരെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. ഒന്നാംപ്രതിയായ സേലം എടപ്പാടി സ്വദേശി കനകരാജ് ദുരൂഹസാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

രണ്ടാംപ്രതിയും തൃശ്ശൂര്‍ സ്വദേശിയുമായ കെ.വി. സയന്‍ പാലക്കാട്ടുനടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയില്‍ തുടരുന്നു. ചികിത്സകാരണം സയന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

മറ്റുള്ള പ്രതികളെ പിടികൂടുമ്പോള്‍ത്തന്നെ ജിജിനും പോലീസിന് കീഴടങ്ങാന്‍ താത്പര്യം കാട്ടിയിരുന്നതായാണ് അറിയുന്നത്. മൊബൈല്‍ഫോണില്‍ ബന്ധുക്കള്‍ക്ക് വിവരം കൈമാറിയിരുന്നു. എന്നാല്‍, അതിനുമുന്‍പേ പിടികൂടാനുള്ള പോലീസ് ശ്രമത്തോടെ ഫോണ്‍ ഓഫ്‌ചെയ്ത നിലയിലായിരുന്നു. ഇത്രയുംനാള്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവരും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ചയാണ് പിടികൂടിയതെന്ന് കരുതുന്നു. പ്രതിയെ ജൂണ്‍ 12 വരെ റിമാന്‍ഡ് ചെയ്തു. 

കള്ളത്താക്കോലുപയോഗിച്ച് മോഷണംനടത്തിയതിന് കേരളത്തില്‍ നിരവധി കേസുകള്‍ ഇയാളുടെപേരിലുണ്ടെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. എസ്റ്റേറ്റിനകത്തെ മുറികളും അലമാരകളും തുറക്കാന്‍ ഇയാളുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഏപ്രില്‍ 24ന് പുലര്‍ച്ചെയാണ് കോടനാട് എസ്റ്റേറ്റില്‍ കവര്‍ച്ച നടത്തിയത്.