വൈത്തിരി: തമിഴ്നാട്ടിലെ കോടനാട് എസ്റ്ററ്റേറ്റിലെ കൊലക്കേസ് പ്രതിയുൾപ്പെടെ മൂന്നു പേർ വൈത്തിരിയിൽ കഞ്ചാവുമായി അറസ്റ്റിൽ. പൊഴുതന പെരുങ്കോട കാരാട്ടുവീട്ടിൽ ജംഷീർ അലി (35), കല്പറ്റ ഗൂഡലായ്ക്കുക്കുന്ന് കൊളപറമ്പൻ വീട്ടിൽ മിദ്ലാജ് (27), കല്പറ്റ ചുഴലി മാമ്പറ്റപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷിനാസ് (20) എന്നിവരാണ് അറസ്റ്റിലായത്.

ജംഷീർ അലി കോടനാട് എസ്റ്ററ്റേറ്റ് കൊലക്കേസിൽ മൂന്നാംപ്രതിയാണ്. കൂടാതെ ജില്ലയിൽ പോക്സോ കേസിലും എൻ.ഡി.പി.എസ്. കേസിലും പ്രതിയാണ്. വെള്ളിയാഴ്ച രാവിലെ പൂഞ്ചോലയിലെ ഹോംസ്റ്റേയിൽവെച്ചാണ് വൈത്തിരി പോലീസ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 3.380 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൂടാതെ, 35,520 രൂപയും ഒരു കാറും ബൈക്കും കസ്റ്റഡിയിൽ എടുത്തു. ഹോംസ്റ്റേകളിലും വിദ്യാർഥികൾക്കും നൽകാനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോയിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈത്തിരി എസ്.ഐ. കെ.എസ്. ജിതേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു.

Content Highlights:kodanad estate murder case accused caught with ganja in vythiri wayanad