ചെന്നൈ: കോടനാട് എസ്റ്റേറ്റ് കൊലപാതക-കവര്‍ച്ച കേസിലെ പ്രതികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് വീണ്ടും അന്വേഷണം തുടങ്ങി. എസ്റ്റേറ്റ് ജീവനക്കാരന്‍ കനഗരാജിന്റേതുള്‍പ്പെടെയുള്ളവരുടെ മരണം ദുരൂഹമാണെന്നാണ് പോലീസ് സംശയിക്കുന്നത്. കോടനാട് എസ്റ്റേറ്റിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേശ് കുമാറിന്റെ ആത്മഹത്യയും ഒന്നാം പ്രതിയും മലയാളിയുമായ കെ.പി. സയന്റെ ഭാര്യയും മകളും വാഹനാപകടത്തില്‍ മരിച്ച സംഭവവും വീണ്ടും അന്വേഷിക്കും. തമിഴ്നാട് പോലീസ് ഇതിനായി കേരളത്തിലെത്തും.

തൃശ്ശൂര്‍ സ്വദേശി സയന്‍ കോയമ്പത്തൂരില്‍ ബേക്കറി ജീവനക്കാരനായിരുന്നു. 2017- ല്‍ പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിലാണ് സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചത്. ഒപ്പമുണ്ടായിരുന്ന സയന് പരിക്കേല്‍ക്കുകയും ചെയ്തു. ഭാര്യയുടെയും മകളുടെയും കഴുത്തില്‍ ഒരേപോലെ ആഴത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിലാണ് ദുരൂഹത സംശയിക്കുന്നത്. സയനുമായി സൗഹൃദം സ്ഥാപിച്ചാണ് കനഗരാജ് എസ്റ്റേറ്റ് കൊള്ളയടിക്കാന്‍ പദ്ധതി ഒരുക്കിയത്. മോഷണസംഘത്തെ തയ്യാറാക്കിയത് സയനാണെന്ന് ആദ്യം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇപ്പോള്‍ കേസന്വേഷിക്കുന്നത് അഞ്ച് പ്രത്യേക പോലീസ് സംഘങ്ങളാണ്. കേസിലെ പത്താം പ്രതിയും മലയാളിയുമായ ജിതിന്‍ ജോസിന്റെ അമ്മാവന്‍ ഷാജിയെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് കൃഷ്ണമൂര്‍ത്തി തിങ്കളാഴ്ച ഊട്ടി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട കനഗരാജിന്റെ സഹോദരന്‍ ധനപാല്‍, എസ്റ്റേറ്റ് മാനേജര്‍ നടരാജന്‍ എന്നിവരില്‍നിന്ന് വരുംദിവസങ്ങളില്‍ മൊഴിയെടുക്കും.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അനധികൃത സ്വത്തുസമ്പാദന കേസില്‍ ശശികല ജയിലിലായതിനു പിന്നാലെയാണ് 2017 ഏപ്രില്‍ 24-ന് കോടനാട് എസ്റ്റേറ്റില്‍ കൊലപാതകവും കവര്‍ച്ചയും നടക്കുന്നത്. കാവല്‍ക്കാരന്‍ ഓം ബഹദൂര്‍ ആദ്യം കൊല്ലപ്പെട്ടു. പിന്നീട് കനഗരാജ് വാഹനാപകടത്തില്‍ മരിച്ചു. അതിനുശേഷമാണ് സയന്റെ ഭാര്യയും മകളും മരിക്കുന്നത്. ഏതാനും ദിവസത്തിനകം കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേശ് കുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കോടനാട് എസ്റ്റേറ്റ് കേസില്‍ വീണ്ടും അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. കേസില്‍ പോലീസിന് പുനരന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ജയലളിതയുടെ തോഴി വി.കെ. ശശികല, മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എടപ്പാടി പളനിസ്വാമി എന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.