കോയമ്പത്തൂര്‍: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാലവസതിയായിരുന്ന കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച-കൊലപാതക കേസില്‍ ജയലളിതയുടെ ഡ്രൈവറെ ചോദ്യം ചെയ്തു. അവസാനകാലത്ത് ഡ്രൈവറായിരുന്ന അയ്യപ്പനെയാണ് പ്രത്യേക പോലീസ് സംഘം രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തത്. 

ചെന്നൈയില്‍നിന്ന് വിളിച്ചുവരുത്തിയാണ് നീലഗിരി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. ഇതിനിടെ കേസില്‍ പുതിയതായി പ്രതിചേര്‍ക്കപ്പെട്ട ധനപാലനെതിരേ ഗുരുതര ആരോപണമാണ് പുറത്തുവരുന്നത്. കോടനാട് സംഭവം നടന്ന് ദിവസങ്ങള്‍ക്കകം സംശയാസ്പദമായ രീതിയില്‍ മരിച്ച ഒന്നാംപ്രതി കനകരാജിന്റെ രണ്ട് ഫോണുകളിലൊന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. ഇത് നശിപ്പിച്ചതായാണ് ധനപാലന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കനകരാജ് സംഭവസമയത്ത് ഉപയോഗിച്ചിരുന്ന സാധാരണ ഫോണ്‍ മാത്രമാണ് ഭാര്യക്ക് തിരിച്ചുകിട്ടിയത്. ഇതിലാകട്ടെ, വിവരങ്ങളൊന്നും ലഭ്യമല്ല.

സംഭവം നടന്ന് നാല് വര്‍ഷം കഴിഞ്ഞാണ് ഫോണ്‍ നശിപ്പിച്ച കാര്യം ധനപാലന്‍വഴി പുറത്തുവരുന്നത്. ഫോണ്‍ നശിപ്പിക്കാന്‍ ഉത്തരവിട്ടതിന് പിറകിലെ കാര്യമറിയാനാണ് ഇയാളെയും ബന്ധു രമേശിനെയും വീണ്ടും കസ്റ്റഡിയിലെടുത്തത്. സെല്‍ഫോണില്‍നിന്നും നാലുവര്‍ഷം കഴിഞ്ഞ് സിം ഉപയോഗിച്ചിരുന്ന കമ്പനികളില്‍നിന്നും കാര്യങ്ങള്‍ വീണ്ടെടുക്കുക പ്രയാസമാണെന്നാണ് പോലീസും പറയുന്നത്. കോടനാടുമായി ബന്ധപ്പെട്ട് വിചാരണ പുരോഗമിക്കുകയാണ്.