കോയമ്പത്തൂര്‍: വിവാദമായ കോടനാട് കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസിലെ എട്ടാം പ്രതി സന്തോഷ് സ്വാമി, ഒമ്പതാം പ്രതി മനോജ് സ്വാമി എന്നിവരെയാണ് തുടര്‍ച്ചയായി രണ്ടാം ദിനവും ചോദ്യം ചെയ്യല്‍ തുടരുന്നത്. 

ജാമ്യത്തിലിറങ്ങിയ ഇരുവരെയും കേരളത്തിലെ വിലാസത്തില്‍ സമന്‍സ് അയച്ച് വിളിച്ചുവരുത്തിയാണ് കേസ് കൈകാര്യം ചെയ്യുന്ന എ.ഡി.എസ്.പി. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഊട്ടി പഴയ എസ്.പി. ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യുന്നത്. ബുധനാഴ്ച അഭിഭാഷകരോടൊപ്പം എത്തിയ ഇരുവരെയും 10 മണിക്കൂറോളം എടുത്താണ് ഉദ്യോഗസ്ഥര്‍ കേസിലെ വിശദാംശങ്ങള്‍ ആരാഞ്ഞത്. വ്യാഴാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ്തു. 

കേസിലെ ഒന്നാം പ്രതിയായ മരിച്ചുപോയ കനകരാജ് രണ്ടാം പ്രതിയായ സയണോടൊപ്പം കവര്‍ച്ച ആസൂത്രണത്തിന് മുമ്പായി സന്തോഷ് സ്വാമിയെ കണ്ടിരുന്നു. പിന്നീട് ഇയാളുടെ നിര്‍ദേശപ്രകാരമാണ് മനോജ് സ്വാമിയെ കണ്ടത്. കവര്‍ച്ചയ്ക്കു മുമ്പായി ഇവരുടെ നേതൃത്വത്തില്‍ പ്രത്യേകപൂജകള്‍ നടന്നിരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളും പോലീസ് ഉന്നയിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഡ്രൈവറായിരുന്ന കനകരാജാണ് രണ്ടാം പ്രതിയായ സയണിന്റെ സഹായത്തോടെ മറ്റുള്ളവരെക്കൂടി കണ്ടെത്തി കവര്‍ച്ചയില്‍ പങ്കെടുപ്പിച്ചത്. ഇതിനിടെ കേസിലെ അഞ്ചാംപ്രതി സതീശന്‍, ആറാംപ്രതി ബിജിന്‍കുട്ടി എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. ഇവരെ വെള്ളിയാഴ്ചയും വിളിച്ചുവരുത്തും