തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ അന്വേഷണം പ്രത്യേക സംഘത്തിന്. തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുക. ഡി.ജി.പിയുടെ ഉത്തരവിനെ തുടർന്നാണ് തീരുമാനം.

കവർച്ചാസംഘത്തിൽ ഉൾപ്പെട്ട എല്ലാവരെയും കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് പണത്തിന്റെ ഉറവിടം കണ്ടെത്താനുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കുന്നത്. പണം കൊടുത്തുവിട്ട കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർ.എസ്.എസ്. ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസിൽ കവർച്ചാസംഘത്തിൽ ഉൾപ്പെട്ട 19 പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്. മുഖ്യപ്രതികളിലൊരാളായ കണ്ണൂർ ഇരിട്ടി സ്വദേശി റഹീമിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാത്രം 13 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്നത്. 25 ലക്ഷം രൂപയാണ് കവർന്നതെന്നായിരുന്നു ധർമരാജന്റെയും ഡ്രൈവറായ ഷംജീറിന്റെയും പരാതി. എന്നാൽ ഇതിനെക്കാളേറെ പണം കാറിലുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം മൂന്നരക്കോടിയോളം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പിടികൂടിയ പ്രതികളിൽനിന്ന് ഇതുവരെ ഏകദേശം 40 ലക്ഷത്തിലധികം രൂപ കണ്ടെടുത്തിരുന്നു. ഇതിനിടെയാണ് ധർമരാജന്റെ ആർ.എസ്.എസ്. ബന്ധം പോലീസ് സ്ഥിരീകരിച്ചത്.

Content Highlights:kodakara hawala robbery special investigation team formed by police