തൃശ്ശൂർ: കൊടകരയിലെ കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് യുവമോർച്ച മുൻ സംസ്ഥാന ട്രഷററിൽനിന്ന് പോലീസ് മൊഴിയെടുത്തു. കോഴിക്കോട് സ്വദേശി സുനിൽ നായിക്കിൽനിന്നാണ് പോലീസ് സംഘം മൊഴിയെടുത്തത്. തനിക്ക് പണം നൽകിയത് സുനിൽ നായിക്കാണെന്ന് പരാതിക്കാരനായ ധർമരാജൻ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് സുനിൽ നായിക്കിൽനിന്ന് പോലീസ് വിവരങ്ങൾ ആരാഞ്ഞത്. ബി.ജെ.പി. ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സുനിൽ.

ധർമരാജനുമായി തനിക്ക് വർഷങ്ങളായുള്ള ബിസിനസ് ബന്ധമാണുള്ളതെന്നാണ് സുനിൽ നായിക്ക് പറയുന്നത്. എല്ലാ പണമിടപാടിനും രേഖകളുണ്ടെന്നും ഇക്കാര്യം പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും സുനിൽ പറയുന്നു.

അതിനിടെ, കുഴൽപ്പണം കൊടുത്തുവിട്ട കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർ.എസ്.എസ്. ബന്ധമുണ്ടെന്ന് തൃശ്ശൂർ എസ്.പി. ജി. പൂങ്കുഴലി വ്യക്തമാക്കി. ധർമരാജൻ ആർ.എസ്.എസ്. അംഗമാണെന്നായിരുന്നു എസ്.പി.യുടെ പ്രതികരണം. കവർച്ച ചെയ്ത പണം പരാതിയിൽ പറഞ്ഞതിനെക്കാൾ കൂടുതലാണെന്നും ഇക്കാര്യത്തിൽ വ്യക്തത വരാനുണ്ടെന്നും എസ്.പി. പറഞ്ഞു.

ധർമരാജൻ കൊടുത്തുവിട്ട പണമാണ് ഏപ്രിൽ മൂന്നിന് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ധർമരാജന്റെയും ഇയാളുടെ ഡ്രൈവർ ഷംജീറിന്റെയും പരാതി. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇതിനെക്കാൾ കൂടുതൽ പണം ഉണ്ടായിരുന്നതായി കണ്ടെത്തി. കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട്ടിൽനിന്ന് മാത്രം 23 ലക്ഷവും സ്വർണവും ആറ് ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രശീതിയും പോലീസ് കണ്ടെത്തിയിരുന്നു.

കുഴൽപ്പണ കവർച്ചാക്കേസിൽ ഇതുവരെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടികൂടാനുള്ള അഞ്ച് പ്രതികൾക്കായി ലുക്ക് ഔട്ട്നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights:kodakara hawala money robbery police taken statement from ex yuvamorcha state leader