തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ കൂടുതൽ ബി.ജെ.പി. നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. തിങ്കളാഴ്ച ബി.ജെ.പി. തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് ചോദ്യംചെയ്യലിന് ഹാജരായി. കുഴൽപ്പണവുമായി വന്ന സംഘത്തിന് ഹോട്ടലിൽ മുറിയെടുത്ത് നൽകിയതുമായി ബന്ധപ്പെട്ടാണ് സതീഷിനെ പോലീസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

കുഴൽപ്പണ കേസിൽ ഇതുവരെ 76 പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. കേസിൽ 19 പ്രതികളും അറസ്റ്റിലായി. ഇവരിൽനിന്ന് 1.26 കോടി രൂപ ഇതുവരെ കണ്ടെടുത്തു. കൂടുതൽ പണം കണ്ടെത്താനായി പ്രതികളുടെ വീടുകളിൽ തിങ്കളാഴ്ചയും പരിശോധന നടന്നു. പ്രതികളുടെ വീട്ടുകാരെ ഉൾപ്പെടെ പോലീസ് ചോദ്യംചെയ്യുന്നുമുണ്ട്.

അതിനിടെ, തനിക്ക് പണം നൽകിയത് ആരാണെന്നത് സംബന്ധിച്ച് ധർമരാജൻ കൃത്യമായ മൊഴി നൽകിയിട്ടില്ല. ഇത് സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഏപ്രിൽ മൂന്നാം തീയതി പുലർച്ചെയാണ് തൃശ്ശൂർ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്നത്. കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ഡ്രൈവറായ ഷംജീറിന്റെയും ധർമരാജന്റെയും പരാതി. എന്നാൽ പോലീസ് അന്വേഷണത്തിൽ ഏകദേശം മൂന്നരക്കോടിയോളം രൂപ കാറിലുണ്ടായിരുന്നതായും ഇത് കുഴൽപ്പണമാണെന്നും കണ്ടെത്തി. കവർച്ച നടത്തിയവരുടെ വീടുകളിൽനിന്ന് മാത്രം 1.28 കോടി രൂപയും കണ്ടെടുത്തിരുന്നു.

Content Highlights:kodakara hawala money robbery case police interrogating more bjp leaders