തൃശ്ശൂർ: കൊടകരയിൽ വാഹനം തട്ടിക്കൊണ്ടുപോയി കുഴൽപ്പണം കവർന്ന കേസിൽ റിമാൻഡിലായിരുന്ന നാലുപ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. രഞ്ജിത്, ദീപക്, മാർട്ടിൻ, ഒളരി ബാബു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച തെളിവെടുപ്പു തുടങ്ങും. കവർച്ച ആസൂത്രണംചെയ്ത രീതിസംബന്ധിച്ച തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

ഗൂഢാലോചന നടത്തിയവർ ഇവരെ ഉപയോഗിച്ചാണ് വാഹനവും കുഴൽപ്പണവും തട്ടിയെടുത്തതെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇതിൽ മാർട്ടിൻ കുഴൽപ്പണം തട്ടിപ്പിൽ വിദഗ്ധനാണ്. ആകെ 13 പ്രതികളുള്ള കേസിൽ 10 പേർ അറസ്റ്റിലായിട്ടുണ്ട്. പ്രധാന പ്രതികളായ അലി സാജ്, മുഹമ്മദ് റഷീദ് എന്നിവരും പിടിയിലായി. മൂന്നുപ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ഏപ്രിൽ മൂന്നിനാണ് 3.5 കോടിയോളം രൂപയും കാറും കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്. 25 ലക്ഷം രൂപ മാത്രം നഷ്ടപ്പെട്ടതായാണ് പണം കടത്തിയിരുന്ന കോഴിക്കോട്ടെ വ്യവസായിയും ആർ.എസ്.എസ്. പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി കൊടകര പോലീസിൽ പരാതിനൽകിയത്.

എന്നാൽ, ഒമ്പതാം പ്രതിയിൽനിന്നുമാത്രം 31 ലക്ഷത്തോളം രൂപ പോലീസ് പിടികൂടി. ഇതോടെ കോടിക്കണക്കിനു രൂപയാണു നഷ്ടപ്പെട്ടതെന്നും 25 ലക്ഷമെന്നത് വ്യാജപരാതിയാണെന്നും പോലീസിനു വ്യക്തമായി. പണം കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും പണം വന്നത് കർണാടകയിൽനിന്നാണെന്നും പോലീസിനു വിവരം ലഭിച്ചു.

Content Highlights:kodakara hawala money robbery case