തൃശ്ശൂർ: കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം തട്ടിയ സംഭവത്തിൽ അന്വേഷണസംഘം പ്രതികളിലൊരാളുടെ വീട്ടിൽനിന്ന് 23.34 ലക്ഷം കണ്ടെത്തി. കേസിൽ ഒൻപതാം പ്രതിയായ തൃശ്ശൂർ വേളൂക്കര കോണത്തുകുന്ന് തോപ്പിൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ബാബു (39) വീട്ടിലൊളിപ്പിച്ച നിലയിലായിരുന്നു പണം. ഇതിനുപുറമേ മൂന്നുപവന്റെ സ്വർണാഭരണവും കേരള ബാങ്കിൽ ആറുലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രശീതിയും കണ്ടെത്തി.

സംഭവത്തിൽ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നായിരുന്നു കോഴിക്കോട്ടെ അബ്കാരിയായ ധർമരാജന്റെ പരാതി. ധർമരാജനെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ധർമരാജനെ തൃശ്ശൂരിൽ വിളിച്ചുവരുത്തിയാണ് തെളിവെടുത്തത്. തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ ഷംജീറിനെയും തൃശ്ശൂരിൽ ചോദ്യംചെയ്തു. ഷംജീർ തൃശ്ശൂരിൽ തങ്ങിയ ലോഡ്ജിലെ രേഖകളും സി.സി.ടി.വി. ദൃശ്യങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

തൃശ്ശൂർ-എറണാകുളം പാതയിലെ കൊടകരയിൽ വാഹനം തടഞ്ഞ് തട്ടിക്കൊണ്ടു പോയെന്ന് ധർമരാജന്റെ ഡ്രൈവറായ ഷംജീറാണ് പോലീസിൽ പരാതി നൽകിയത്. കാറുകളിലെത്തിയ സംഘം വ്യാജ അപകടമുണ്ടാക്കി 25 ലക്ഷം രൂപയടങ്ങുന്ന കാർ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയ്ക്ക് കവർന്നുവെന്നായിരുന്നു പരാതി.

കാറിൽ ഷംജീറിന്റെ സഹായിയായി റഷീദ് എന്നയാൾ ഉണ്ടായിരുന്നു. പണവുമായി പോകുന്ന വിവരം കവർച്ചസംഘത്തിന് ചോർത്തിനൽകിയത് റഷീദാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. റഷീദ് ഒളിവിലാണ്. ഷംജീറിനെയും റഷീദിനെയും പ്രതിചേർത്തേക്കും.

കഴിഞ്ഞദിവസം പോലീസ് ഏഴുപേരെ അറസ്റ്റുചെയ്തിരുന്നു. ആകെ പത്ത് പ്രതികളുണ്ട്. കുഴൽപ്പണ കവർച്ച പതിവാക്കിയ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായത്. കാറിൽ ഇതിൽക്കൂടുതൽ പണമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിലെ രാഷ്ട്രീയബന്ധം പറയാറായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും എസ്.പി.ജി. പൂങ്കുഴലി പറഞ്ഞു. പ്രതികളുടെ കോൾലിസ്റ്റും പോലീസ് പരിശോധിക്കുന്നുണ്ട്. പാലക്കാട്ട് പാളിപ്പോയ കുഴൽപ്പണ തട്ടിപ്പ് ഇടപാടിനെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

മറ്റൊരു പേലീസുകാരന് കൂടി സസ്പെൻഷൻ

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിലെ പ്രതിയിൽ നിന്നും മറ്റൊരു കേസിൽ കൈക്കൂലി വാങ്ങിയ ഒരു പേലീസുകാരനെക്കൂടി സസ്പെൻഡ് ചെയ്തു. കേസ് ഒതുക്കിത്തീർക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ. വൈശാഖ് രാജിനെ ആണ് റൂറൽ എസ്.പി. ജി. പൂങ്കുഴലി സസ്പെൻഡ് ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതി മാർട്ടിനിൽനിന്ന് കൈകൂലി വാങ്ങിയതിനാണ് നടപടി.

ലുക്ക് ഔട്ട് നോട്ടീസിറക്കി

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കവർച്ചക്കേസിലെ മുഖ്യ അഞ്ച് പ്രതികളെ പിടികൂടാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. ഒന്ന് മുതൽ മൂന്ന് വരെ പ്രതിചേർത്ത മുഹമ്മദ് അലി (അലിസാജ്), സുജീഷ്, രഞ്ജിത്ത് എന്നിവരെയും പുതിയതായി പ്രതിചേർത്ത അബ്ദുൾ റഷീദ്, എഡ്വിൻ എന്നിവരെയും പിടികൂടാനാണ് അന്വേഷണസംഘം ബുധനാഴ്ച വൈകീട്ട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

Content Highlights:kodakara hawala money robbery case