തൃശ്ശൂർ: കൊടകരയിലെ കുഴൽപ്പണ കവർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ അബ്കാരിയായ ധർമരാജനെ പോലീസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടുനിന്ന് കാറിൽ പണം കൊടുത്തുവിട്ടത് ധർമരാജനാണെന്ന സംശയത്തെ തുടർന്നാണ് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്.

കൊടകരയിൽവെച്ച് വാഹനം തട്ടിയെടുത്ത് പണം കവർന്നതായി ധർമരാജന്റെ ഡ്രൈവറായ ജംഷീറാണ് പോലീസിൽ പരാതി നൽകിയത്. കാറുകളിലെത്തിയ സംഘം വ്യാജ അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവർന്നു എന്നായിരുന്നു ജംഷീറിന്റെ പരാതി. അതേസമയം, കാറിൽ ഇതിൽകൂടുതൽ പണമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, കാറിൽ പണവുമായി പോകുന്ന വിവരം കവർച്ചാസംഘത്തിന് ചോർത്തി നൽകിയത് ജംഷീറിന്റെ സഹായി റഷീദാണെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഒളിവിൽ പോയ ഇയാൾക്കായും തിരച്ചിൽ തുടരുകയാണ്.

ഏപ്രിൽ മൂന്നിനാണ് കൊടകരയിൽവെച്ച് വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം തട്ടിയെടുത്തത്. കേസിൽ കഴിഞ്ഞ ദിവസം ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴൽപ്പണ കവർച്ച പതിവാക്കിയ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായത്. അതേസമയം, കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ഒരു ദേശീയ പാർട്ടി തിരഞ്ഞെടുപ്പിൽ വിനിയോഗിക്കാനായി അയച്ച പണമാണിതെന്നും ആരോപണമുണ്ട്.

Content Highlights:kodakara hawala money robbery case