തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. കവര്‍ച്ച കേസിലെ പ്രതികള്‍ കണ്ണൂരില്‍ ബിജെപി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്നാണ്‌ പോലീസ്‌ നല്‍കുന്ന ഏറ്റവും പുതിയ വിവരം. കേസിലെ മുഖ്യപ്രതികളിലൊരാളായ ദീപക്‌ ബിജെപി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ എത്തിയാണ്‌ നേതാക്കളെ കണ്ടതെന്നും പോലീസ്‌ പറയുന്നു.

കൊടകരയില്‍ കുഴല്‍പ്പണം കവര്‍ച്ച ചെയ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ ദീപക്‌ ബിജെപി ഓഫീസിലെത്തി ജില്ലാ നേതാക്കളെ കണ്ടത്‌. അന്ന്‌ ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിരുന്നില്ല. ഇതോടെ കുഴല്‍പ്പണ കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന ആരോപണവും ശക്തമാവുകയാണ്‌. 

അതിനിടെ, ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്‌ കെ.കെ.അനീഷ്‌കുമാര്‍ ബുധനാഴ്‌ച ചോദ്യംചെയ്യലിനായി ഹാജരായി. തൃശ്ശൂര്‍ പോലീസ്‌ ക്ലബില്‍വെച്ചാണ്‌ ചോദ്യംചെയ്യല്‍ നടക്കുന്നത്‌. കഴിഞ്ഞദിവസം ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസ്‌ സെക്രട്ടറിയെയും പോലീസ്‌ ചോദ്യംചെയ്‌തിരുന്നു. ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ കുഴല്‍പ്പണവുമായി വന്ന ധര്‍മരാജനും ഷംജീറിനും ലോഡ്‌ജില്‍ മുറിയെടുത്ത്‌ നല്‍കിയതെന്നായിരുന്നു ഓഫീസ്‌ സെക്രട്ടറിയുടെ മൊഴി. ഇതിനെത്തുടര്‍ന്നാണ്‌ ജില്ലാ പ്രസിഡന്റിനെയും പോലീസ്‌ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്‌.

Content Highlights: kodakara hawala money robbery accused held meeting with bjp kannur leaders