തൃശ്ശൂർ: കൊടകരയിലെ കുഴൽപ്പണ കവർച്ചാക്കേസിൽ വഴിത്തിരിവ്. സംഭവത്തിൽ ചില പോലീസുകാർക്കും പങ്കുണ്ടെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച പോലീസുകാരൻ ഉൾപ്പെടെ തൃശ്ശൂരിലെ മൂന്ന് പോലീസുകാർക്കാണ് കുഴൽപ്പണ കവർച്ചാസംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്. കൊടകരയിൽനിന്ന് പണം തട്ടാൻ കഴിഞ്ഞില്ലെങ്കിൽ ഇരിങ്ങാലക്കുട ഭാഗത്തുവെച്ച് പോലീസുകാരുടെ സഹായത്തോടെ പണം പിടിച്ചെടുക്കാൻ സംഘം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം. ഇതിനായി പോലീസുകാർക്ക് അഡ്വാൻസും നൽകി.

ഏപ്രിൽ മൂന്നിനാണ് തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ഒരു ദേശീയ പാർട്ടി എറണാകുളത്തേക്ക് അയച്ച മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം വ്യാജ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തത്. കേസിൽ കഴിഞ്ഞ ദിവസം ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴൽപ്പണ കവർച്ച പതിവാക്കിയ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായത്. ഇവരിൽ ദീപക് എന്ന പ്രതിയിൽനിന്നാണ് പോലീസുകാരുടെ പങ്കിനെക്കുറിച്ചുള്ള വിവരവും ലഭിച്ചത്.

തൃശ്ശൂരിൽനിന്ന് പണവുമായി പുറപ്പെട്ട വാഹനം രണ്ട് വഴികളിലൂടെ എറണാകുളത്തേക്ക് പോകാനായിരുന്നു സാധ്യതയുണ്ടായിരുന്നത്. ഇതിൽ ദേശീയപാതയിലൂടെ അങ്കമാലി വഴി എറണാകുളത്തേക്ക് പോവുകയാണെങ്കിൽ കൊടകരയിൽവെച്ച് കവർച്ചാസംഘം തന്നെ പണംതട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇനി വാഹനം ഇരിങ്ങാലക്കുട പറവൂർ വഴി എറണാകുളത്തേക്ക് പോവുകയാണെങ്കിൽ പോലീസുകാരുടെ സഹായത്തോടെ പണം പിടിച്ചെടുക്കാനും ആസൂത്രണം ചെയ്തു.

തിരഞ്ഞെടുപ്പ് പരിശോധനയെന്ന പേരിൽ വാഹനം തടഞ്ഞു നിർത്തി പണം പിടിച്ചെടുക്കാനായിരുന്നു പദ്ധതി. എന്നാൽ വാഹനം തൃശ്ശൂരിൽനിന്ന് ദേശീയപാത വഴി തന്നെ എറണാകുളത്തേക്ക് യാത്ര തിരിച്ചതോടെ മൂന്ന് കാറുകളിലായി പിന്തുടർന്ന കവർച്ചാസംഘം വ്യാജ അപകടമുണ്ടാക്കി കൊടകരയിൽവെച്ച് പണവും വാഹനവും തട്ടിയെടുക്കുകയായിരുന്നു.

അതേസമയം, സംഭവത്തിൽ പോലീസുകാർക്ക് പങ്കുണ്ടെന്ന വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട പോലീസ് സേനയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

Content Highlights:kodakara blackmoney robbery case