തൃശ്ശൂര്‍: ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിനായി കൊണ്ടുപോയ മൂന്നരക്കോടി രൂപ കൊടകരയില്‍ കവര്‍ന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കേസിലെ പത്താംപ്രതി ഷാഹിദിന്റെ ഭാര്യ വെള്ളാങ്ങല്ലൂര്‍ ആപ്പിള്‍ ബസാറിലെ വേലപ്പറമ്പില്‍ വീട്ടില്‍ ജിന്‍ഷയാണ് (ചിഞ്ചു-22) അറസ്റ്റിലായത്. കുഴല്‍പ്പണക്കേസിലെ തുടരന്വേഷണത്തിലാണ് ഇവര്‍ പ്രതിയാണെന്ന് കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ഇതോടെ 23 ആയി. കവര്‍ച്ച നടത്തിയശേഷം ഭര്‍ത്താവായ ഷാഹിദിന് വിഹിതമായിക്കിട്ടിയ 10 ലക്ഷം രൂപ ജിന്‍ഷയെ ഏല്‍പ്പിച്ചു. ഏപ്രില്‍ എട്ടിന് ജിന്‍ഷ വെള്ളാങ്ങല്ലൂര്‍ സഹകരണ സൊസൈറ്റിയില്‍ ഒന്‍പതുലക്ഷം രൂപ ഉമ്മൂമ്മയുടെ പേരില്‍ നിക്ഷേപിച്ചു. ഒരുലക്ഷം രൂപ ഉപയോഗിച്ച് കൊടുങ്ങല്ലൂരിലുള്ള ജൂവലറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. അന്വേഷണത്തില്‍ 10 ലക്ഷം നഷ്ടപ്പെട്ടിരുന്നുവെന്നാണ് ഷാഹിദ് പോലീസിനോട് പറഞ്ഞത്. ജിന്‍ഷയെ പലതവണ ചോദ്യംചെയ്‌തെങ്കിലും പണത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് പണം പിന്‍വലിച്ചു.

ജിന്‍ഷയില്‍നിന്ന് മൊത്തം എട്ടരലക്ഷം രൂപ കണ്ടെടുത്തു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചപ്പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുന്നതിനുവേണ്ടി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എ. അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘത്തിലെ എ.സി.പി. കെ. രാജു, എസ്.ഐ.മാരായ പി. ബിനന്‍, എം. രാജന്‍, എ.എസ്.ഐ. രാജീവ് രാമചന്ദ്രന്‍, സി.പി.ഒ.മാരായ വിനോദ്ശങ്കര്‍, ജെറിന്‍ ജോസ്, ഇ.എ. ശ്രീജിത്, വനിതാ സീനിയര്‍ സി.പി.ഒ. ഷീബ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.