കാക്കനാട്: കങ്ങരപ്പടിയിലെ 13-കാരി വൈഗയുടെ മുങ്ങിമരണവും പിതാവ് സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തം ആരുടേതെന്ന് കണ്ടുപിടിക്കാന്‍ ഡി.എന്‍.എ. പരിശോധന. ഇത് വൈഗയുടേതല്ല എന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് ഈ രക്തവും വൈഗയുടെ മാതാവിന്റെ രക്തവും ഉപയോഗിച്ച് ഡി.എന്‍.എ. പരിശോധന നടത്തുക.

പുഴയില്‍നിന്ന് കണ്ടെത്തിയ വൈഗയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതിനു ശേഷം ആന്തരികാവയവങ്ങള്‍ കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പരിശോധന ഉടന്‍ തുടങ്ങമെന്നും അടുത്തയാഴ്ചയോടെ വിശദമായ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

12 ബാങ്കുകള്‍ക്ക് പോലീസ് നോട്ടീസ്

സനു മോഹന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി 12 ബാങ്കുകള്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തതിന്റെ രേഖകള്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഭാര്യയുടെ പേരിലുള്ള ഫ്‌ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നല്‍കിയതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.

ഫ്‌ളാറ്റിനുള്ളില്‍ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

ചെന്നൈയില്‍ അന്വേഷണം തുടരുന്നു

കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സനു മോഹന്റെ സുഹൃത്തിനെ കണ്ടെത്താന്‍ പോലീസ് സംഘം ചെന്നൈയില്‍ തുടരുകയാണ്. തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തിരക്ക് മൂലം അവിടത്തെ പോലീസിന്റെ സഹായം കാര്യമായി ലഭിക്കുന്നില്ല. സനു മോഹന്‍ സുഹൃത്തിന്റെ അടുത്തുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം.

തിരുവനന്തപുരം സ്വദേശിയായ ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളുടെ നാട്ടിലുള്ള ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സനുവിനായി തിരച്ചില്‍ നോട്ടീസും കഴിഞ്ഞദിവസം പോലീസ് പുറപ്പെടുവിച്ചിരുന്നു.

Content Highlights: kochi vyga death and sanu mohan missing case investigation