കാക്കനാട്: കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തം മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടേത് (13) അല്ലെന്ന് അന്വേഷണം സംഘം. സനു മോഹന്റെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത് മനുഷ്യരക്തമാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ഇത് വൈഗയുടേതല്ലെന്നാണ് കണ്ടെത്തല്‍. കുട്ടിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര സി.ഐ കെ. ധനപാലന്‍ പറഞ്ഞു.

കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കുകളോ, ബലപ്രയോഗം നടത്തിയ ലക്ഷണങ്ങളോ ഇല്ല. മുങ്ങിമരണത്തിന്റെ സൂചനകളാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. എന്നാല്‍, കൂടുതല്‍ വ്യക്തതവരാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കണമെന്ന് പോലീസ് പറഞ്ഞു. ഫ്‌ളാറ്റില്‍ കണ്ട രക്തം സനു മോഹന്റേതാകാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.

മാര്‍ച്ച് 21-നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാകുന്നത്. പിറ്റേദിവസം വൈഗയുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ നിന്ന് കണ്ടെത്തി. അന്നുമുതല്‍ അന്വേഷണം നടത്തിയെങ്കിലും സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നതായി കണ്ടെത്തിയതല്ലാതെ മറ്റു വിവരമൊന്നും കിട്ടിയിട്ടില്ല.

ചെന്നൈയില്‍ ക്യാമ്പ് ചെയ്തു

സനു മോഹനെ കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ അന്വേഷണ സംഘം ചെന്നൈയിലെത്തി. ഇയാള്‍ ചെന്നൈയിലുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇവിടെ എത്തിയത്. എസ്.ഐ. ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് തമിഴ്നാട്ടിലുള്ളത്. നാട്ടിലേക്ക് മടങ്ങാനിരുന്ന പോലീസ് സംഘം പുതിയ സൂചന കിട്ടിയതനുസരിച്ചാണ് ചെന്നൈയിലേക്ക് തിരിച്ചത്.

തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു

സനു മോഹനെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തൃക്കാക്കര പോലീസ് നോട്ടീസ് പുറത്തുവിട്ടത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പടെ, ആളുകള്‍ കൂടാന്‍ സാധ്യയുള്ള സ്ഥലങ്ങളില്‍ നോട്ടീസ് പതിക്കും. ഇതര സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്കും നോട്ടീസ് കൈമാറും.