കൊച്ചി: മുട്ടാര്‍ പുഴയില്‍നിന്ന് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പിതാവ് സനു മോഹനു വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പോലീസ്.
നിലവില്‍ തമിഴ്നാട്ടിലാണ് തിരച്ചില്‍ നടത്തുന്നത്. സനു മോഹന്റെ അന്തസ്സംസ്ഥാന ബന്ധങ്ങള്‍ പരിഗണിച്ച് അന്വേഷണം മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകള്‍, ഇതര സംസ്ഥാന ബന്ധം എന്നീ മൂന്ന് കാര്യങ്ങളാണ് പോലീസ് നിലവില്‍ അന്വേഷിക്കുന്നതെന്ന് കൊച്ചി സിറ്റി ഡി.സി.പി. ഐശ്വര്യ ഡോങ്റെ പറഞ്ഞു. സനു മോഹന്റെ പേരില്‍ കേരളത്തിനു പുറത്ത് കേസുകളുള്ളതായാണ് സൂചന.
സനു മോഹനുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ പുണെ പോലീസില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഡി.സി.പി.യുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അടങ്ങുന്ന സ്പെഷ്യല്‍ ടീമിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ടീം നിലവില്‍ തമിഴ്നാട്ടിലേക്ക് സനുവിനെ തേടി പോയിട്ടുണ്ട്.
എറണാകുളം ഗോശ്രീ പാലത്തിനു സമീപം ജീര്‍ണിച്ച നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം സനു മോഹന്റേതാണെന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍, പരിശോധനയില്‍ മൃതദേഹം സനു മോഹന്റെ അല്ലായെന്ന് തെളിഞ്ഞതായി ഡി.സി.പി. പറഞ്ഞു.
അതേസമയം സനു മോഹന്റെ കാര്‍ വാളയാര്‍ കടന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, വാഹനത്തില്‍ സനു മോഹന്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഐശ്വര്യ ഡോങ്റെ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ വാഹന നമ്പര്‍ വ്യക്തമാണ്, എന്നാല്‍ വാഹനത്തിനകത്തുള്ള ആളെ കുറിച്ചുള്ള ദൃശ്യം ഇതുവരെ ലഭിച്ചിട്ടില്ല.