കൊച്ചി: ആര്‍ക്കും പിടികൊടുക്കാത്ത സ്വഭാവം. അതായിരുന്നു സനു മോഹന്‍. സനു അണിഞ്ഞ മാന്യതയുടെ മുഖംമൂടി, ദുരൂഹതയഴിക്കാന്‍ തടസ്സമായി. കങ്ങരപ്പടിയിലെ ഫ്‌ലാറ്റ് നിവാസികള്‍ക്കും വൈഗയുടെ സ്‌കൂള്‍ അധികൃതര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരന്‍. എന്നാല്‍ പോലീസ് ഭൂതകാലം അരിച്ചുപെറുക്കിയതോടെ സനുവിന്റെ മുഖംമൂടികള്‍ അഴിഞ്ഞുവീണു.

കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ റസിഡന്റ്സ് അസോസിയേഷന്‍ തുടങ്ങിയത് സനു മുന്നിട്ടിറങ്ങിയാണ്. അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയുമായി. എല്ലാവരോടും നല്ല രീതിയില്‍ ഇടപെടുന്ന സനു ഫ്‌ലാറ്റിലുള്ളവരുടെ വിശ്വാസം വേഗം നേടിയെടുത്തു.

ഫ്‌ലാറ്റിലുള്ളവരോട് ബിസിനസ് ആവശ്യം പറഞ്ഞ് സനു പണം കടം വാങ്ങിയിരുന്നു. ചിലര്‍ക്ക് പകരം നല്‍കിയ ചെക്ക് മടങ്ങിയപ്പോഴും സനുവിനെ ആരും സംശയിച്ചില്ല. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ പുറത്തുവന്ന കേസുകളറിഞ്ഞതോടെയാണ് സനു ചതിച്ചതാണോ എന്നിവര്‍ക്കു തോന്നിത്തുടങ്ങിയത്.

സാമ്പത്തിക തട്ടിപ്പിന് മുംബൈ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് സനു. അവരുടെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്കു കടന്നത്. മുംബൈയില്‍ ബിസിനസ് നടത്തുമ്പോഴായിരുന്നു തട്ടിപ്പ്. പുണെയില്‍നിന്ന് അഞ്ചുവര്‍ഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും സ്വന്തം കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു താത്പര്യവും കാണിച്ചിരുന്നുമില്ല. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തി. സനുവിന്റെ മാറ്റം ബന്ധുക്കളെയും അമ്പരപ്പിച്ചിരുന്നു. ഇതിനിടെ തന്നെ ഭാര്യയുമായും മകള്‍ വൈഗയുമായുള്ള സനുവിന്റെ അടുപ്പം കുറഞ്ഞു. മുമ്പ് വലിയ സ്‌നേഹം കാണിച്ച ഭര്‍ത്താവ് രണ്ടു മാസമായി അകലം പാലിച്ചിരുന്നതായാണ് ഭാര്യ പോലീസിനോടു പറഞ്ഞത്.

ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ സനു വായ്പയെടുത്തതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നതായും തെളിവുകളുണ്ട്. ഫ്‌ലാറ്റില്‍നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍നിന്നും ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പോലീസ് കണ്ടെത്തി.

Content Highlights: kochi vyga death and sanu mohan case