കൊച്ചി: ആറുവയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടില്‍ കെ.എസ്. സുരേഷിനെ (50) യാണ് ശിക്ഷിച്ചത്.

എറണാകുളം അഡീഷണല്‍ സെഷന്‍സ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി കെ. സോമനാണ് ഉത്തരവിട്ടത്.

50 വര്‍ഷത്തേക്കാണ് ശിക്ഷയെങ്കിലും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. 2016 ജൂണിലാണ് സംഭവം. സ്‌കൂള്‍ബസിലെ ജീവനക്കാരനായിരുന്ന പ്രതി കുട്ടിയെ സ്‌കൂള്‍ബസില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ്, പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് സി.ഐ. രാജേഷ്‌കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.