കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിശാ പാര്‍ട്ടിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഡി.ജെ.കളെ കേന്ദ്രീകരിച്ച് അന്വേഷണം. ഡി.ജെ.കളാണ് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പങ്ക് വഹിക്കുന്നതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്. വിദേശ ഡി.ജെ. പങ്കെടുക്കേണ്ടിയിരുന്ന പാര്‍ട്ടി മാറ്റിവെച്ചതു സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല.

ഇദ്ദേഹത്തെ പാര്‍ട്ടിക്കായി കൊച്ചിയില്‍നിന്ന് ബന്ധപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഭാഗമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന റേവ് പാര്‍ട്ടികള്‍ കൊച്ചിയില്‍ നടക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് പരിശോധന നടത്താനിരുന്ന ദിവസം ഇയാള്‍ നടത്താനിരുന്ന ഡി.ജെ. പാര്‍ട്ടി മാറ്റി. റെയ്ഡിന്റെ വിവരം മുന്‍കൂട്ടി അറിഞ്ഞാണോ പാര്‍ട്ടി മാറ്റിവെച്ചതെന്നാണ് സംശയിക്കുന്നത്.വിസിറ്റിങ് വിസയിലാണ് വിദേശ ഡി.ജെ.മാര്‍ കൊച്ചിയിലെ നിശാ പാര്‍ട്ടികള്‍ക്കെത്തുന്നത്. ഇവരുടെ സംഘം വഴി സിന്തറ്റിക് ലഹരിവസ്തുക്കള്‍ എത്തിക്കുന്നുണ്ടോ എന്നാണ് എക്‌സൈസിന് സംശയമുള്ളത്.

കേരളത്തിലേക്ക് പാര്‍ട്ടി ഡ്രഗായ എം.ഡി.എം.എ. എത്തുന്നത് ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ്. ഇതിനാല്‍ത്തന്നെ ഡി.ജെ.മാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ മയക്കുമരുന്ന് വിതരണത്തെക്കുറിച്ചും റേവ് പാര്‍ട്ടി നടത്തിപ്പുകാരെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് എക്‌സൈസ് പ്രതീക്ഷ.

ഇതില്‍ ഗള്‍ഫില്‍നിന്നെത്തിയ ഒരു യുവതി വീട്ടിലേക്ക് പോകാതെ കൊച്ചിയില്‍ തങ്ങിയതായി കണ്ടെത്തി. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയത് ഡി.ജെ. പാര്‍ട്ടി നടത്തിയവരാണ്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഡി.ജെ. നടത്തുന്നവര്‍ക്കാണ് ഫീസ് നല്‍കുന്നത്. പകരം താമസ സൗകര്യവും അടക്കം നല്‍കുന്നുവെങ്കില്‍ അതിനു പിന്നില്‍ ഡീല്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വിദേശത്തുനിന്ന് സ്ത്രീകള്‍ വഴി രാജ്യത്തേക്ക് സ്വര്‍ണക്കടത്തും ഇവര്‍ വഴി തന്നെ തിരികെ ലഹരി കടത്തും നടക്കാറുണ്ട്. ഇത്തരത്തിലുള്ള കാരിയറാണോ ഈ യുവതിയെന്ന് എക്‌സൈസ് സംശയിക്കുന്നുണ്ട്.

Content Highlights: kochi rave party and drugs investigation