കൊച്ചി: സുലു എല്ലാ വിവരവും പറഞ്ഞിട്ടുണ്ടെന്നും ഇനി നിനക്കെന്താണ് പറയാനുള്ളത് എന്നും ചോദിച്ചപ്പോൾ പ്രദീപ് എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്നു പറഞ്ഞു. പുല്ലേപ്പടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ കൊലപാതകത്തിൽ വഴിത്തിരിവായത് സുലു എന്നു വിളിക്കുന്ന ട്രാൻസ്ജെൻഡറായ ഹാരിസിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം.
നഗരത്തിൽ പുതുവത്സര പുലരിയിൽ നടന്ന മോഷണത്തിന് യാതൊരു തെളിവും അവശേഷിച്ചിരുന്നില്ല. സിറ്റി പോലീസ് കമ്മിഷണറായി സി. എച്ച്. നാഗരാജു ചുമതലയേറ്റ ദിവസമാണ് നഗരത്തിലെ വീട്ടിൽ വൻ മോഷണം നടന്നത്. ആദ്യ കേസായതിനാൽ പ്രതിയെ വേഗം പിടികൂടണമെന്ന് കമ്മിഷണർക്ക് നിർബന്ധമുണ്ടായിരുന്നു. ഇതിനായി തൃക്കാക്കര എ.സി.പി.യുടെ ക്രൈം സ്ക്വാഡിന് കേസന്വേഷണത്തിന്റെ ചുമതലയും നൽകി.
മോഷണം നടന്ന വീടിന്റെ പരിസരത്ത് സി.സി.ടി.വി. ക്യാമറകൾ ഇല്ലായിരുന്നു. പിന്നീട് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങൾക്ക് ഒട്ടും വ്യക്തതയുമില്ലായിരുന്നു. ഹെൽമെറ്റ് വെച്ച് രണ്ടുപേർ രാത്രി 12.30-ഓടെ മോഷണം നടന്ന പുതുക്കലവട്ടത്തെ വീടിന്റെ പരിസരത്തേക്ക് പോകുന്നു. തിരികെ 2.30-ഓടെ ഇതേ സംഘം തിരികെ പോകുന്നു. തിരികെ പോകുമ്പോൾ ഒരു ബാഗ് ഇവരുടെ കൈയിലുണ്ട്. ഇതിനാൽത്തന്നെ ഇവരാകും മോഷണം നടത്തിയതെന്ന് ഉറപ്പിച്ചു. 10 ദിവസത്തോളം നടത്തിയ അന്വേഷണത്തിൽ കാര്യമായ തെളിവൊന്നും കണ്ടെത്താനായില്ല.
മോഷണം നടന്നിടത്ത് ഡോഗ് സ്ക്വാഡുമായി എത്തിയപ്പോൾ നായയ്ക്ക് എത്ര മണിക്കൂർ മണം പിടിക്കാൻ കഴിയും എന്ന് മോഷണം നടന്ന വീട്ടുകാരുടെ ബന്ധുക്കളിലൊരാളായ ഡിനോയ് ക്രിസ്റ്റോ ചോദിച്ചത് ഇയാളെ സംശയത്തിലാക്കി. ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 15-ാം തീയതി ഇയാൾ മലപ്പുറത്തേക്ക് പോയതായും വിവരം കിട്ടി. കാറിലാണ് പോയതെന്നും കൂടെ മണിലാൽ, സുലു എന്നു വിളിക്കുന്ന ട്രാൻസ്ജെൻഡറായ ഹാരിസ് എന്നിവർ ഉണ്ടായിരുന്നതായും വിവരം ലഭിച്ചു. മണിലാലിനെയും ഡിനോയിയെയും ചോദ്യം ചെയ്തെങ്കിലും വിവരങ്ങളൊന്നും കിട്ടിയില്ല.
സുലുവിന്റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ മോഷണം നടന്ന വീട്ടിൽനിന്ന് നഷ്ടമായ ഒരു ബാഗ് കണ്ടെത്തി. എന്നാൽ, ഇത് ജോബി നൽകിയതാണെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു മറുപടി. ജോബി കൊല്ലപ്പെട്ടു എന്ന ഉറപ്പിൽ കേസ് വഴി തെറ്റിക്കാനായിരുന്നു സുലു ഇങ്ങനെ മൊഴി നൽകിയത്. ജോബിയെ തേടി പോലീസ് കുറെ അലയുകയും ചെയ്തു.
തുടർന്ന് പോലീസ് സുലുവുമായി അടുപ്പമുണ്ടായിരുന്ന പ്രദീപിനെ കണ്ടെത്തി. സുലു എല്ലാം പറഞ്ഞുവെന്നും ബാക്കി പറയാനും ആവശ്യപ്പെട്ടതോടെ ജോബിയെ കൊലപ്പെടുത്തിയ വിവരവും മോഷണം നടത്തിയ വിവരവും ഇയാൾ തുറന്നു സമ്മതിക്കുകയായിരുന്നു.
പദ്ധതി ആസൂത്രണം ചെയ്തത് സുലുവും ഡിനോയും ചേർന്ന്
സുലുവും ഡിനോയും ചേർന്നാണ് കൊലപാതക പദ്ധതി തയ്യാറാക്കിയത്. കൊല ചെയ്ത് കത്തിക്കാനുള്ള ആളൊഴിഞ്ഞ സ്ഥലം സുലുവാണ് കണ്ടെത്തിയത്. 24-നു തന്നെ പെട്രോൾ സുലു വാങ്ങി സൂക്ഷിച്ചു. ജോബിക്ക് ആവശ്യത്തിലധികം മദ്യം കൊടുക്കണമെന്ന് മണിലാലിനെ ഡിനോ ഏൽപ്പിച്ചു. മദ്യ ലഹരിയിലായ ജോബിയെ കമ്പത്തേക്ക് അയയ്ക്കാമെന്നു പറഞ്ഞ് ഡിനോയ് പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ എത്തിച്ചു. ഇവിടെ തളർന്നുകിടക്കവേ കൈയിൽ കരുതിയിരുന്ന ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ശേഷം ഈ വിവരം സുലുവിനെ അറിയിച്ചു. തനിക്ക് കാണേണ്ടെന്നും കത്തിച്ചു കൊള്ളാൻ സുലു നിർദേശിക്കുകയുമായിരുന്നു.