കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ സൈജു തങ്കച്ചനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളടക്കം സംബന്ധിച്ച വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സ്ഥിരമായി ഡി.ജെ. പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്ന സൈജു, പാര്‍ട്ടിക്കെത്തിയിരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

സൈജുവിന് ലഹരിമരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു. മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താന്‍ മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെറ്റായ ഉദ്ദേശ്യത്തോട് കൂടിയാണ് ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാളിലേക്ക് അന്വേഷണം കൂടുതല്‍ കേന്ദ്രീകരിച്ച ഘട്ടത്തിലാണ് ചില നിര്‍ണായക തെളിവുകളും പോലീസിന് ലഭിച്ചിരിക്കുന്നത്.

ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. ഈ ഫോണില്‍ മറ്റ് ചിലര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ട് എന്നതും പോലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചവര്‍ ആരൊക്കെയെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെയെല്ലാം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇയാൾ മുമ്പ് പങ്കെടുത്ത ഡി.ജെ പാർട്ടികളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആ പാർട്ടികളിൽ പങ്കെടുത്തിട്ടുള്ള ചില യുവതികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. 

ഇയാള്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാര്‍ട്ടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Content Highlights: kochi models accident death case police got more details about saiju thankachan