കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ കേസില്‍ രണ്ടുപേരെ കൂടി പോലീസ് പിടികൂടി. പത്തനംതിട്ട മൈലപ്പാറ സ്വദേശി പ്രജീഷ് കുമാര്‍ (27), ആലപ്പുഴ മാവേലിക്കര സ്വദേശി അജയ് രാജ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ നാലായി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍ (28), സഞ്ജയ് ഷാഹുല്‍ (31) എന്നിവരെ കടവന്ത്ര പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

തട്ടിപ്പിനു പിന്നില്‍ ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എട്ടുപേരടങ്ങുന്ന ഗുണ്ടാ സംഘമാണെന്ന് പോലീസ് കണ്ടെത്തി. ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാനായി കൊച്ചിയിലേക്ക് എത്തിയ രണ്ട് കാറുകളില്‍ ഒന്ന് വൈറ്റിലയില്‍നിന്ന് പോലീസ് കണ്ടെടുത്തു. ആലപ്പുഴ സ്വദേശി ഫൈസലാണ് സംഘത്തലവന്‍. ഇയാള്‍ കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഒളിവില്‍പ്പോയ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എറണാകുളം സെന്‍ട്രല്‍ എ.സി.പി. എ.ജെ. തോമസ് പറഞ്ഞു.

എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ സ്റ്റാര്‍ ഹോംസ് ഫ്‌ളാറ്റില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ സുഹൃത്തായ ഷിഹാബിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം അയാളെ കിട്ടാത്തതിനാല്‍ അനിയെ കൊണ്ടുപോവുക യായിരുന്നു. സുഹൃത്തിനെ തടവില്‍വെച്ച് ഷിഹാബിനെ വിളിച്ചുവരുത്താനായിരുന്നു ശ്രമം.

ഷിഹാബ് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അനിയെ ഇടപ്പള്ളിയില്‍ ലോഡ്ജില്‍നിന്ന് പോലീസ് മോചിപ്പിച്ചു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തു.

ഹണിട്രാപ്പ് സംഘമോ?

തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന ഗുണ്ടാ സംഘത്തിന് ഹണിട്രാപ്പിലും പങ്കുണ്ടോയെന്ന് പോലീസിന് സംശയമുണ്ട്. ഇത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. കൊച്ചിയില്‍ ഗുണ്ടാ സംഘം തമ്പടിച്ചിരുന്നത് മോഡലിങ്ങിനുള്ള ഫോട്ടോ ഷൂട്ടിന്റെ പേരിലാണ്. ഇതിന്റെ മറവിലായിരുന്നു ഇവിടത്തെ ഇടപാടുകള്‍ എന്നാണ് പോലീസ് നിഗമനം.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കൊച്ചി, ഇടച്ചിറ, കാക്കനാട്, തൃക്കാക്കര, അത്താണി, ചെമ്പുമുക്ക് എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ എയര്‍ ഗണ്‍, ഇടിക്കട്ട, കത്തി എന്നിവ കണ്ടെത്തി.