കൊച്ചി: കളമശ്ശേരിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ സല്‍മാനുല്‍ ഫാരിസിനെതിരേ കേസ്. ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

അതേസമയം, അപകടസ്ഥലത്ത് നിന്നും കാണാതായ യുവാവിനെ പോലീസ് കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ ജിബിനെ വീട്ടില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. നേരത്തേ, കാറിലുണ്ടായിരുന്ന ഇയാളെ കാണാതായത് സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍, സാരമായ പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ വീട്ടിലേക്ക് പോവുകയായിരുന്നെന്ന് പോലീസ് പറയുന്നു.

അപകടത്തില്‍ മരിച്ച മന്‍ഫിയ(സുഹാന)യും സല്‍മാനും സുഹൃത്തുക്കളായിരുന്നു. കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് തിങ്കളാഴ്ച രാത്രി ഇവര്‍ പോയത്. പാര്‍ട്ടിയ്ക്കു ശേഷം തിരിച്ചുവരുമ്പോള്‍ പത്തടിപ്പാലത്തു വെച്ച് കാര്‍ നിയന്ത്രണം വിട്ട് മെട്രോയ്ക്ക് കീഴിലുള്ള വിളക്കുകാലില്‍ ഇടിക്കുകയാണ് ഉണ്ടായതെന്ന് കളമശ്ശേരി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ് മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.

Content Highlights: Kalamassery car accident; Police Filed case against car driver