കൊച്ചി: കാക്കനാട്ട് പാനിപൂരി സ്റ്റാള്‍ പൊളിച്ചതിനെ ചോദ്യംചെയ്ത റെസ്റ്റോറന്റ് നടത്തിപ്പുകാരെ ആക്രമിച്ച സംഭവത്തില്‍ തുഷാര നന്ദുവിന്റെ കൂട്ടാളികളായ രണ്ടു യുവാക്കള്‍ പിടിയിലായി. കുമ്പളം മോറക്കല്‍ വിഷ്ണു (26), മരട് ബി.ടി.സി. റോഡില്‍ ആറ്റുമ്മല്‍ എബിന്‍ ബെന്‍സ് (22) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റുചെയ്തത്.

കേസിലെ പ്രധാന പ്രതികളായ തുഷാര നന്ദു, ഭര്‍ത്താവ് അജിത്ത്, ഇവരുടെ സുഹൃത്ത് അപ്പു എന്നിവര്‍ ഒളിവിലാണ്. തുഷാരയും സംഘവും നിലംപതിഞ്ഞിമുകളിലെ കടകളില്‍നിന്ന് ഏഴുലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച കേസിലാണ് യുവാക്കളെ അറസ്റ്റുചെയ്തത്.

തുഷാരയ്ക്കും സംഘത്തിനുമെത്തിരേ വധശ്രമത്തിനും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ആസൂത്രിത ശ്രമം നടത്തിയതിനും കേസുകള്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം കാക്കനാട് നിലംപതിഞ്ഞിമുകളില്‍ 'ചില്‍സേ ഫുഡ് സ്‌പോട്ട്' എന്ന കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്. ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇതിനെ ചോദ്യംചെയ്ത നകുലിനെയും ബിനോജ് ജോര്‍ജിനെയും ഇവര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയിലാണ്.

ഫുഡ്‌കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്നു പറഞ്ഞാണ് തുഷാര ആക്രമണം നടത്തിയത്. എന്നാല്‍, ഫുഡ്‌കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് കണ്ടെത്തി.

'നോണ്‍ ഹലാല്‍' ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചെന്നായിരുന്നു സംഭവത്തിനുശേഷം തുഷാര സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വിശദമായ അന്വേഷണത്തില്‍ ഇത് വ്യാജപ്രചാരണമാണെന്ന് പോലീസ് കണ്ടെത്തി.

തുടര്‍ന്നാണ് സമൂഹിക മാധ്യമങ്ങളിലൂടെ സമുദായിക സ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമം നടത്തിയതിന് കേസെടുത്തത്. തുഷാരയുടെ ഭര്‍ത്താവ് അജിത്ത് കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നും കൂട്ടുപ്രതി അപ്പുവിനെതിരേയും നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.