കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മയക്കുമരുന്ന് സംഘത്തിലെ മുഖ്യ കണ്ണി പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി പുതൂക്കാടന്‍ വീട്ടില്‍ അന്‍ഫാസ് സിദ്ദിഖി (24) നെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പ്രതികളെ സാമ്പത്തികമായി സഹായിച്ചതായി സംശയിക്കുന്നവരെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം. കാസിമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയായിരുന്നു.

അന്‍ഫാസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് സംഘത്തിലെ പ്രതിയാണ് എന്നു തിരിച്ചറിഞ്ഞത്. ചെന്നൈയില്‍നിന്ന് കൊണ്ടുവരുന്ന എം.ഡി.എം.എ. പ്രതി ചില്ലറവില്പന നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കിട്ടുന്ന പണം വലിയ അളവില്‍ മയക്കുമരുന്ന് വാങ്ങുന്നതിനായി മറ്റു പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുനല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ടി.എം. കാസിം പറഞ്ഞു. സംഘത്തിലെ മുഖ്യ കണ്ണിയാണ് അന്‍ഫാസ് എന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് പറയുന്നത്.