കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചു.

പ്രതികളുടെ അക്കൗണ്ടിലേക്ക് വലിയ തുക അയച്ചവരും ഒന്നിലേറെ തവണ പണം അയച്ചവരുമാണ് സംശയത്തിന്റെ നിഴലില്‍. ഇതില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.

ധനസഹായം ചെയ്ത കേസില്‍ അറസ്റ്റിലായ ഷിഫാന്‍ താജിനെ എക്‌സൈസ് ക്രൈംബ്രാഞ്ച് കുടുക്കിയത് കൃത്യമായ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലായിരുന്നു.

പ്രതികളുമായി മുമ്പ് ഇയാള്‍ നിരവധി തവണ കണ്ടുമുട്ടിയിരുന്നു. ഇത്തരം സന്ദര്‍ശനങ്ങളുടെ സ്ഥലവും സമയവും അടക്കം പറഞ്ഞ് ചോദ്യം ചെയ്തതോടെ പ്രതിക്ക് ഉത്തരം നല്‍കാനായില്ല.

ഷിഫാനുമായി ബന്ധമുള്ള നിരവധി അക്കൗണ്ടുകളില്‍നിന്ന് പണം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. കാസിം പറഞ്ഞു.

പ്രതികള്‍ താമസിച്ചിരുന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് സ്ഥിരം സന്ദര്‍ശകര്‍ ആരെല്ലാമെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍ വിളി വിവരങ്ങള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍, ബാങ്ക് പണമിടപാട് വിവരങ്ങള്‍ എന്നിവ ഏകോപിപ്പിച്ചാണ് ഓരോ ആളുകളെയും ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. ധനസഹായം ചെയ്‌തെന്ന് സംശയിക്കുന്ന ഇരുപതോളം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. കൂടുതല്‍ പേര്‍ പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് പറഞ്ഞത്.

തെളിവ് ശേഖരിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതികളെയുമായുള്ള തെളിവെടുപ്പുകള്‍ പിന്നീട് മതിയെന്നാണ് തീരുമാനം. അതിനാല്‍ത്തന്നെ ഷിഫാനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നത് വൈകും.