കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ പ്രതികളുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവരെ ചോദ്യം ചെയ്യാന്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് തീരുമാനം. 20 പേരെയാണ് ആദ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

നേരത്തെ പ്രതികള്‍ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ മുഖ്യ പ്രതിയുടെ ഒരു ബന്ധുവിന്റെ അക്കൗണ്ടുമുണ്ടായിരുന്നു. എന്നാല്‍, കോഴിക്കോട് സ്വദേശിയായ ഈ ബന്ധുവിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.

ഈ അക്കൗണ്ടിലേക്ക് വലിയ അളവില്‍ പണം എത്തിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് ഇടപാടിനായിരുന്നു എന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ പണം അയച്ചവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. ഇതിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങിയിട്ടുണ്ടെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. കാസിം പറഞ്ഞു.

കേസില്‍ ആറാം പ്രതി തയ്യിബ ഔലാദുമായുള്ള തെളിവെടുപ്പും എക്‌സൈസ് ക്രൈംബ്രാഞ്ച് ആരംഭിച്ചു.