കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ 'ടീച്ചര്‍' എന്ന പേരില്‍ അറിയപ്പെടുന്ന സുസ്മിത ഫിലിപ്പുമായി അടുപ്പമുണ്ടായിരുന്നവരെ എക്‌സൈസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി.

സുസ്മിതയെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടവരില്‍ സംശയിക്കുന്നവരെയാണ് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. സുസ്മിതയുമായി മയക്കുമരുന്ന് ഇടപാട് ഉണ്ടായിരുന്നെന്ന് തെളിഞ്ഞാല്‍ അറസ്റ്റിലേക്ക് കടക്കും.

അതേസമയം സുസ്മിത ഫിലിപ്പിനൊപ്പം എം.ജി. റോഡിലെ ഹോട്ടലില്‍ താമസിച്ച ഷമീര്‍ റാവുത്തര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഹോട്ടലില്‍ പ്രതികള്‍ റേവ് പാര്‍ട്ടി നടത്തിയതായി സംശയിക്കുന്നതിനാലാണ് ഷമീറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇയാളുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കുമെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു.