കാക്കനാട്: ഇന്‍ഫോ പാര്‍ക്കിനു സമീപം പാനിപൂരി സ്റ്റാള്‍ പൊളിച്ചതു ചോദ്യം ചെയ്ത യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. നോ ഹലാല്‍ ഹോട്ടലുടമ പാലാരിവട്ടം കൊച്ചാപ്പിള്ളി അക്ഷയ വീട്ടില്‍ തുഷാര (40), ഭര്‍ത്താവ് അജിത്ത് (39), ഉദയംപേരൂര്‍ കണ്ണേമ്പിള്ളി വീട്ടില്‍ അപ്പു എന്നു വിളിക്കുന്ന വിനൂപ് (31), വാഴക്കുളം മേലേത്തുപറമ്പില്‍ സുനില്‍കുമാര്‍ (39) എന്നിവരെയാണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

കാക്കനാട് നിലംപതിഞ്ഞിമുകളില്‍ ഫുഡ് കോര്‍ട്ടില്‍ കട നടത്തുകയാണെന്ന് അവകാശപ്പെടുന്ന തുഷാരയും കൂട്ടാളികളും സമീപത്തെ പാനിപൂരി സ്റ്റാള്‍ നടത്തുകയായിരുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവം മറച്ചുെവച്ച് നുണപ്രചാരണത്തിലൂടെ സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം സൃഷ്ടിച്ചതിന് മറ്റൊരു കേസും ഇവര്‍ക്കെതിരേ എടുത്തിട്ടുണ്ട്.

നിലംപതിഞ്ഞിമുകളിലെ റെസ്റ്റോ കഫേ എന്ന കെട്ടിടം സ്വന്തമാക്കാന്‍ തുഷാരയും സംഘവും നടത്തിയ നീക്കങ്ങളാണ് അക്രമങ്ങളിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കഫേ പൂട്ടിക്കാനായി തുഷാരയുടെ ഭര്‍ത്താവും സംഘവും ഇവിടെയെത്തി ക്യാഷ് കൗണ്ടര്‍ തല്ലിത്തകര്‍ക്കുകയും പല വസ്തുക്കളും കടത്തി ക്കൊണ്ടു പോകുകയും ചെയ്തു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ബിനോജ്, നകുല്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയിലാണ്.

ഇതിനുശേഷം, കടയുടെ മുന്‍പില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് സ്ഥാപിച്ചതിന് തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന പ്രചാരണവുമായി തുഷാര ഫെയ്സ്ബുക്ക് ലൈവില്‍ വന്നത് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നു കണ്ടാണ് അതിന് വേറേ കേസെടുത്തത്. അതോടെ ഒളിവില്‍ പോയ തുഷാരയേയും അജിത്തിനേയും അപ്പുവിനേയും കോട്ടയത്ത് നിന്നാണ് പോലീസ് പിടിച്ചത്.

തുഷാരയുടെ ഭര്‍ത്താവ് അജിത്ത് കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നും കൂട്ടുപ്രതി അപ്പുവിനെതിരേയും നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ തുഷാരയുടെ സംഘത്തില്‍ പെട്ട എബിന്‍, വിഷ്ണു എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.